ന്യൂഡൽഹി: അനുവദനീയമായ അളവിൽ കവിഞ്ഞ് ലഡ്ഡിൻറെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിൽ മാഗി നൂഡിൽസിനെ കൂടുതൽ ബാച്ചുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് ഭക്ഷസുരക്ഷാ വകുപ്പ്. അതേസമയം, മാഗി നൂഡിൽസിൻറെ ഉത്പാദകരായ നെസലേയ്ക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാസം നടന്ന പരിശോധനയെ തുടർന്ന് മാഗി നൂഡിൽസിൻറെ രണ്ട് ലക്ഷത്തോളം പായ്ക്കുകൾ ഭക്ഷസുരക്ഷാ വകുപ്പ് പിൻവലിച്ചിരുന്നു. 2014 ഏപ്രിലിൽ നിർമ്മിക്കുകയും 2014 സെപ്തംബറിൽ കാലാവധി കഴിയുകയും ചെയ്തവയായിരുന്നു അത്. അപകടകരമായ അളവില്‍ ലെഡിന്റെയും മോണോ സോഡിയം ഗ്ളൂട്ടാമേറ്റ്(എം.എസ്.ജി) ൻറെയും അംശം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. മാഗി ന്യൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ലക്‌നൗവിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. മുൻകരുതലെന്ന നിലയ്ക്ക് ഏപ്രിലിൽ ഉത്പാദിപ്പിച്ച മാഗി നൂഡിൽസിൻറെ നാലോളം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് ഭക്ഷസുരക്ഷാ ഓഫീസർ വി.കെ.പാണ്ഡെ പറഞ്ഞു. മുൻ പരിശോധനകളിൽ ഉയർന്ന അളവിൽ രാസപദാർത്ഥങ്ങൾ കണ്ടെത്തിയിരുന്നു. എം.എസ്.ജി അടങ്ങിയിട്ടില്ലെന്ന കമ്പനിയുടെ വാദങ്ങൾ തെറ്റാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നുവെന്നും പാണ്ഡെ സൂചിപ്പിച്ചു. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മാഗി നൂഡിൽസ് 'ആരോഗ്യത്തിന് ഹാനികരമാണെന്ന്' പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.








