Home » » വിഎസും പാര്‍ട്ടി നേതൃത്വവും ഒന്നിച്ചു പോകുമ്പോള്‍ എന്തിനാണ്‌ പലര്‍ക്കും ഹാലിളകുന്നത്‌?

വിഎസും പാര്‍ട്ടി നേതൃത്വവും ഒന്നിച്ചു പോകുമ്പോള്‍ എന്തിനാണ്‌ പലര്‍ക്കും ഹാലിളകുന്നത്‌?

Written By Unknown on Sunday, 23 March 2014 | 02:32

സിപിഎമ്മില്‍ പാര്‍ട്ടിയും വിഎസും തമ്മിലുണ്ടായ ഐക്യത്തിന്റെ പൊരുള്‍ തേടി മാധ്യമങ്ങള്‍ ദിവസങ്ങളായി ചര്‍ച്ച നടത്തുമ്പോള്‍ പൊതു സമൂഹത്തില്‍ ഉയരുന്നത്‌ മറ്റൊരു ചോദ്യം സിപിഎമ്മില്‍ ഐക്യമുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക്‌ ഹാലിളകുന്നത്‌ എന്തിനെന്ന ചോദ്യമാണത്‌.

തിരഞ്ഞെടുപ്പു വേളയില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാതെ മുന്നില്‍ നിന്നു നയിക്കാന്‍ തുടങ്ങിയതോടെ കേരളത്തിലെ ചര്‍ച്ചാ വിഷയം മുഴുവല്‍ വിഎസാണ്‌. വിഎസ്‌ അധപ്പതിച്ചു എന്നു വരുത്തിത്തീര്‍ക്കാനുള്ള ചര്‍ച്ചയാണു നടക്കുന്നത്‌. ഇന്നലെ വരെ വിഎസിന്റെ ഉപദേശകരായിരുന്നവരും വിഎസിനെ സിപിഎമ്മില്‍ നിന്നു വഴിമാറ്റി നടത്തിയവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്‌. എന്നാല്‍, ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്‌ വിഎസിനെ കൊണ്ടു നടന്ന മാധ്യമങ്ങള്‍ തന്നെയാണ്‌. ഒരു രാത്രി കൊണ്ട്‌ വിഎസ്‌ കേരളത്തിലെ ഏറ്റവും പ്രതിലോമകാരിയായെന്നു കണ്ടെത്തിയ മാധ്യമങ്ങള്‍ ഇതിനു പിന്നിലെ രഹസ്യം പോളിറ്റ്‌ബ്യൂറോയില്‍ തിരികെ പ്രവേശന വാഗ്‌ദാനമാണെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. അങ്ങിനെ ഇന്നലെ വരെ കൊട്ടിഘോഷിച്ചു കൊണ്ടു നടന്ന വിഎസ്‌, ഏറ്റവും വലിയ സ്ഥാനമോഹിയാണെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലാണവര്‍. വിഎസും പാര്‍ട്ടി നേതൃത്വവും ഒന്നിച്ചു പോകുമ്പോള്‍ എന്തിനാണ്‌ പലര്‍ക്കും ഹാലിളകുന്നത്‌. രണ്ടു ധ്രുവങ്ങളിലായിരുന്ന രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒന്നിച്ചപ്പോള്‍ ഈ ഹാലിളക്കം ഇല്ലാതെ പോയതെന്തേ എന്നും പൊതു സമൂഹം ചോദിക്കുന്നുണ്ട്‌.

തന്റെ നിലപാട്‌ വ്യക്തമാക്കിക്കൊണ്ടു തന്നെയാണ്‌ വിഎസ്‌ ഇപ്പോഴും മുന്നോട്ടു പോകുന്നത്‌. താന്‍ പാര്‍ട്ടിക്കകത്ത്‌ പല വിഷയങ്ങളും ഉന്നയിച്ചിട്ടുണ്ട്‌. പല വിഷയത്തിലും പാര്‍ട്ടിക്കു കത്ത്‌ നല്‌കിയിട്ടുണ്ട്‌. അതെല്ലാം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്‌, തകര്‍ക്കാനല്ല എന്നാണു വിഎസ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. നിലവില്‍ രാജ്യം ഏറ്റവും പ്രധാനപ്പെട്ട പൊതു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്‌. കോണ്‌ഗ്രസിന്റെ സാമ്രാജ്യത്വ പ്രീണന നയങ്ങള്‍ക്കും ബിജെപിയുടെ വര്‍ഗീയ ഫാഷിസത്തിനുമെതിരെ ഇടതു മതനിരപേക്ഷ ബദല്‍ ശക്തിപ്പെടേണ്ടതുണ്ട്‌. അതിന്‌ ഇടതുപക്ഷ വിജയം അനിവാര്യമാണ്‌. അതിന്‌ എല്ലാ അടവുകളും പ്രയോഗിച്ച്‌ മുന്നേറുമെന്നും വിഎസ്‌ വ്യക്തമാക്കിക്കഴിഞ്ഞു.

സിപിഎം ഔദ്യോഗിക നേതൃത്വത്തെ അക്രമിക്കാനായി വിഎസിനു മാധ്യമങ്ങളും യുഡിഎഫും വീരആദര്‍ശ പരിവേഷം നല്‍കിയിട്ടുണ്ട്‌. ഇതേ വിഎസ്‌ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ ഭസ്‌മാസുരനു വരം കൊടുത്ത അവസ്ഥയിലായി വലതുപക്ഷവും ഇവര്‍ക്ക്‌ ഒത്താശ ചെയ്‌ത മാധ്യമങ്ങളും. വിഎസിനു തങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത ഇമേജ്‌ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ഗുണം ചെയ്യുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തിയതോടെയാണ്‌ മറ്റെല്ലാ നേതാക്കളെയും വിട്ട്‌ വിഎസിനെതിരെ സംഘടിത അക്രമണം നടക്കുന്നത്‌.

ഒപ്പം, നല്ലൊരു വിഭാഗം നിഷ്‌പക്ഷ ജനങ്ങള്‍ നെഞ്ചേറ്റിയ വിഎസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതോടെ സരിതയും സോളാറും അബ്ദുള്ളക്കുട്ടിയുമെല്ലാം ചര്‍ച്ചയാകാതെ പോകുമെന്നു യുഡിഎഫും കരുതുന്നു. ഇങ്ങിനെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടിയാവുന്ന വിഷയങ്ങള്‍ ചര്‍ച്ചയാകുന്നതു തടയാനുള്ള ആയുധമാക്കുകയാണ്‌ നിലവില്‍ വിഎസിനെ.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.