കോട്ടയം: ആന്റോ ആന്റണി ജയിക്കുമോയെന്ന് കണ്ടറിയണമെന്നു പറഞ്ഞ് സർക്കാർ ചീഫ് വിപ്പ് പി.സി. ജോർജ് യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ചു.
'പത്തനംതിട്ടയിൽ ആന്റോ ജയിക്കുമോ എന്നത് ദൈവത്തിന് അറിയാം. വോട്ടെണ്ണിക്കഴിഞ്ഞേ എന്തെങ്കിലും പറയാനാവൂ. ആത്മാർത്ഥമായ പ്രവർത്തനം ബൂത്തുകളിൽ നടന്നിട്ടില്ല. ബൂത്തുകമ്മിറ്റികളും ഇലക്ഷൻ കമ്മിറ്റിയും കാര്യമായി കൂടിയിട്ടില്ല. സ്ഥാനാർത്ഥിയുടെ പിടിപ്പുകേടാണ് ഇതിന് കാരണം."- പി.സി. ജോർജ് പറഞ്ഞു.
പാലു കൊടുക്കുന്ന കൈയ്ക്ക് കടിക്കുന്ന ശീലം ജോർജിന്റെ ജന്മവാസനയാണെന്നായിരുന്നു പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രതികരണം. പി.സി. ജോർജിന്റെയോ കൂട്ടാളികളുടെയോ ഒരു വോട്ടുപോലും പൂഞ്ഞാറിൽ തനിക്ക് കിട്ടില്ലെന്ന് ഉറപ്പുണ്ട്. മുഴുവൻ സമയവും മറു പക്ഷത്തിനുവേണ്ടി പ്രവർത്തിച്ച ജോർജിന് തന്റെ വിജയ പരാജയങ്ങളെക്കുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.
പി.സി. ജോർജ് സംസാരത്തിൽ മിതത്വം പാലിക്കണമെന്ന് യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ പറഞ്ഞു. ആന്റോ ആന്റണിക്കെതിരെ പരസ്യ വിമർശനം നടത്തിയത് ശരിയായില്ല. ജോർജ് നിലപാടറിയിക്കേണ്ടത് യു.ഡി.എഫിലാണ്.
പത്തനംതിട്ടയിലെ പ്രചാരണത്തിൽ എന്തെങ്കിലും പരാതി പി.സി. ജോർജിനുണ്ടായിരുന്നെങ്കിൽ അപ്പോൾതന്നെ ഉന്നയിച്ച് പരിഹരിക്കാമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനേ അനാവശ്യമായ വാദപ്രതിവാദങ്ങളുടെ പിറകെ പോകാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ഫലത്തെ ബാധിക്കുമെന്ന് ജോർജ് പറയുന്നുണ്ടെങ്കിൽ ഫലം വരുന്നതുവരെ കാത്തിരിക്കാം. പത്തനംതിട്ട യു.ഡി.എഫിന് വിജയസാദ്ധ്യതയുള്ള മണ്ഡലമാണെന്ന് സുധീരൻ പറഞ്ഞു.
ആന്റോ ആന്റണിയുടെ അഭ്യർത്ഥനയെ തുടർന്ന് ജോർജിനെ പത്തനംതിട്ട മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് ഒഴിവാക്കിയിരുന്നു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പൂഞ്ഞാറിലെ രണ്ടു പഞ്ചായത്തുകളിൽ മാത്രമാണ് ജോർജ് സ്വമേധയാ പ്രചാരണത്തിന് ഇറങ്ങിയത്. ഇവിടെ പോളിംഗ് ശതമാനം കുറഞ്ഞിരുന്നു.
ജോർജ് വെടിപൊട്ടിച്ചിട്ടും പ്രതികരിക്കാൻ പാർട്ടി ചെയർമാൻ കെ.എം. മാണി തയ്യാറായിട്ടില്ല.