Home » , » മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും വോട്ടുചെയ്യാനായില്ല.

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും വോട്ടുചെയ്യാനായില്ല.

Written By Unknown on Thursday, 10 April 2014 | 17:48

കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും വ്യത്യസ്ത കാരണങ്ങളാല്‍ ഇക്കുറി വോട്ടുചെയ്യാനായില്ല. വോട്ടര്‍പ്പട്ടികയില്‍നിന്ന് പേര് വെട്ടിമാറ്റപ്പെട്ടതുകൊണ്ടാണ് മമ്മൂട്ടിക്ക് വോട്ടുചെയ്യാനാവാഞ്ഞത്. മുംബൈയിലായതിനാല്‍ മോഹന്‍ലാലും വോട്ടുചെയ്തില്ല. മമ്മൂട്ടിയുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കിയെങ്കിലും ഭാര്യ സുള്‍ഫത്തിന് വോട്ടുണ്ടായിരുന്നു. പക്ഷേ, അവര്‍ വോട്ടുചെയ്തില്ല. 

സിനിമാതാരങ്ങളില്‍ പലരും കൊച്ചിയില്‍ സ്ഥിരതാമസമായതിനാല്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലാണ് താരവോട്ടുകള്‍ കൂടുതലായി പോള്‍ചെയ്തത്. ദിലീപ് ആലുവയിലെ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസിലെ ബൂത്തില്‍ അമ്മയ്ക്കും സഹോദരനും നിര്‍മാതാവുമായ അനൂപിനുമൊപ്പമെത്തി വോട്ടുചെയ്തു. സലിംകുമാര്‍ ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിലെ ബൂത്തില്‍ വോട്ടുചെയ്തു. 

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ക്യൂവില്‍നിന്ന് വോട്ടുചെയ്യണമെന്ന് ചിലര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ബഹളത്തില്‍ ആദ്യം വോട്ടുചെയ്യാതെ മടങ്ങുകയും പിന്നീടെത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്ത നടി കാവ്യാമാധവന് ഇക്കുറി തിരക്കില്‍പ്പെടാതെ വോട്ടു ചെയ്യാനായി. രാവിലെ എട്ടുമണിയോടെതന്നെ കാവ്യ വെണ്ണല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി വോട്ടുചെയ്തു. മീരാനന്ദന്‍ എളമക്കര ഐ.ജി.എം. സ്‌കൂളിലും സരയൂ എരൂരിലെ എസ്.ഡി.കെ.വൈ. ഗുരുകുല വിദ്യാലയത്തിലും അപൂര്‍വബോസ് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലും വോട്ടുചെയ്തു. അപൂര്‍വയുടെ കന്നിവോട്ടായിരുന്നു ഇത്. 

പതിനാലുവര്‍ഷമായി വോട്ടര്‍പ്പട്ടികയിലുണ്ടെങ്കിലും രഞ്ജിനി ഹരിദാസ് ആദ്യമായി വോട്ടുചെയ്തത് ഇത്തവണയാണ്. എളങ്കുളം ഫാത്തിമ ചര്‍ച്ച് ഹാളിലായിരുന്നു രഞ്ജിനിയുടെ 'കന്നിവോട്ട്'. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട പിറവം എം.കെ.എം.എച്ച്.എസ്.എസിലായിരുന്നു ലാലു അലക്‌സിന്റെ വോട്ട്. 

സിനിമാപ്രവര്‍ത്തകരില്‍ പലര്‍ക്കും വോട്ട് നിഷേധിക്കപ്പെട്ട തിരഞ്ഞെടുപ്പുകൂടിയായി ഇത്തവണത്തേത്. സംവിധായകന്‍ സിദ്ദിഖാണ് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖന്‍. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെയും കുടുംബാംഗങ്ങളുടെയും പേരും പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.