Home » » മലബാറില്‍ ലീഗിനെതിരെയും കോണ്‍ഗ്രസ്‌ ശക്‌തമായ ആരോപണങ്ങളുന്നയിക്കുന്നു.

മലബാറില്‍ ലീഗിനെതിരെയും കോണ്‍ഗ്രസ്‌ ശക്‌തമായ ആരോപണങ്ങളുന്നയിക്കുന്നു.

Written By Unknown on Monday, 14 April 2014 | 11:52

തിരുവനന്തപുരം: വോട്ടെടുപ്പു കഴിഞ്ഞതോടെ യു.ഡി.എഫില്‍ പുനരാരംഭിച്ച തൊഴുത്തില്‍കുത്ത്‌ ഫലപ്രഖ്യാപനത്തോടെ പാരമ്യത്തിലെത്തുന്ന സൂചനകള്‍ കണ്ടുതുടങ്ങി. വിഴുപ്പലക്കല്‍ നിര്‍ത്താന്‍ കഴിഞ്ഞദിവസം കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ നിര്‍ദേശിച്ചെങ്കിലും വകവയ്‌ക്കാതെ, പി.സി. ജോര്‍ജ്‌ ഇന്നലെ നിലപാടു കടുപ്പിച്ചു വീണ്ടും രംഗത്തെത്തി. കേരളാ കോണ്‍ഗ്രസു(എം)മായുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍തന്നെ മലബാറില്‍ ലീഗിനെതിരെയും കോണ്‍ഗ്രസ്‌ ശക്‌തമായ ആരോപണങ്ങളുന്നയിക്കുന്നു.ഫലപ്രഖ്യാപനം നടക്കുന്ന മേയ്‌ 16-നുശേഷം  മുന്നണിയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പു തട്ടിക്കൂട്ടിയ താല്‍കാലിക ഐക്യം വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍തെന്ന ഉലയുന്ന സ്‌ഥിതിയാണ്‌. തെരഞ്ഞെടുപ്പുഫലം പ്രതികൂലമായാല്‍ അതു പൊട്ടിത്തെറിയില്‍ കലാശിക്കും. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നു പറയുമ്പോഴും മുന്നണിയില്‍ ഒട്ടും ഒരുമയില്ലായിരുന്നെന്നാണ്‌ വിവിധ ഘടകകക്ഷികളുടെ പ്രതികരണം നല്‍കുന്ന സൂചന. കേരളാ കോണ്‍ഗ്രസിനുപുറമേ മുസ്ലിംലീഗും വേണ്ടരീതിയില്‍ സഹായിച്ചില്ലെന്ന പരാതി കോണ്‍ഗ്രസിന്റെ അകത്തളങ്ങളിലുണ്ട്‌. മലബാറില്‍ കാസര്‍ഗോഡ്‌ ഒഴികെ മറ്റൊരിടത്തും ലീഗ്‌ കോണ്‍ഗ്രസിനുവേണ്ടി കാര്യമായി രംഗത്തിറങ്ങിയില്ലെന്നാണു മലബാറിലെ നേതാക്കളുടെ പരാതി. മുസ്ലിം വോട്ടിന്റെ ഏകീകരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച കോണ്‍ഗ്രസിനെ ഇത്‌ ആശങ്കയിലാക്കുന്നു.
വയനാട്ടിലെ സ്‌ഥാനാര്‍ഥിയെ സംബന്ധിച്ചു ലീഗിന്‌ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കോണ്‍ഗ്രസ്‌ എം.ഐ. ഷാനവാസിനെത്തന്നെ സ്‌ഥാനാര്‍ഥിയായി നിശ്‌ചയിച്ചതോടെ എതിര്‍പ്പു മാറ്റിവച്ചു രംഗത്തിറങ്ങിയെന്നു ലീഗ്‌ അവകാശപ്പെടുമ്പോഴും പൂര്‍ണമായി മനസ്‌ അര്‍പ്പിച്ചിരുന്നില്ല.
വടകര, കണ്ണൂര്‍ ലീഗിന്റെ പിന്തുണ വേണ്ടത്ര ലഭിച്ചില്ലെന്നാണു കോണ്‍ഗ്രസിന്റെ പരാതി. പാലക്കാട്ട്‌ എം.പി. വീരേന്ദ്രകുമാറിനുവേണ്ടി ലീഗ്‌ ശക്‌തമായി രംഗത്തുണ്ടായിരുന്നെങ്കിലും കോഴിക്കോട്‌, ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ സ്‌ഥിതി അതായിരുന്നില്ല. വടകരയില്‍ ലീഗ്‌ പരസ്യമായി കോണ്‍ഗ്രസിനെതിരേ രംഗത്തിറങ്ങി. ഇതിലെല്ലാം പ്രതിഷേധമുണ്ടെങ്കിലും മേയ്‌ 16 വരെ പരസ്യമായി പ്രതികരിക്കേണ്ടെന്ന നിലപാടിലാണു കോണ്‍ഗ്രസ്‌. കോണ്‍ഗ്രസിന്റെ ആരോപണങ്ങളെല്ലാം ലീഗ്‌ നിഷേധിക്കുന്നു. മലബാറിലെ എല്ലാ മണ്ഡലങ്ങളിലും ശക്‌തമായി പ്രവര്‍ത്തിച്ചെന്നും കോണ്‍ഗ്രസിന്റെ സംഘടനാശേഷിക്കുറവിനു തങ്ങളെ പഴിക്കേണ്ടെന്നും ലീഗ്‌ ചൂണ്ടിക്കാട്ടുന്നു. പൊന്നാനിയിലെ ലീഗ്‌ സ്‌ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസ്‌ പരസ്യമായി രംഗത്തുവന്നു. അതു തടയാന്‍ നേതൃത്വം നടപടി സ്വീകരിച്ചില്ലെന്നും ലീഗ്‌ കുറ്റപ്പെടുത്തുന്നു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട സീറ്റുകളില്‍ വിപരീതഫലമാണുണ്ടാകുന്നതെങ്കില്‍ കേരളാ കോണ്‍ഗ്രസുമായും മലബാറില്‍ തിരിച്ചടിയുണ്ടായാല്‍ ലീഗുമായും കോണ്‍്രഗസിന്റെ ബന്ധം ശിഥിലമാകുമെന്നതാണ്‌ അവസ്‌ഥ. വി.എം. സുധീരന്റെ വിലക്കു ലംഘിച്ച്‌ പി.സി. ജോര്‍ജ്‌ ഇന്നലെയും നാവിനു മൂര്‍ച്ചകൂട്ടി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ വിവിധ കമ്മിറ്റികളും യൂത്ത്‌ കോണ്‍ഗ്രസും ജോര്‍ജിനെതിരേ പരസ്യപ്രതിഷേധത്തിലാണ്‌.
അദ്ദേഹത്തെ ചീഫ്‌ വിപ്‌ സ്‌ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യത്തിനു കെ.എം. മാണി വഴങ്ങില്ലെന്നാണു സൂചന. അതും തെരെഞ്ഞടുപ്പിനുശേഷം കോണ്‍ഗ്രസ്‌-കേരളാ കോണ്‍്രഗസ്‌ ബന്ധത്തില്‍ നിര്‍ണായകമാകും. കോണ്‍ഗ്രസില്‍ സ്‌ഥാനാര്‍ഥിനിര്‍ണയം മുതല്‍ അതൃപ്‌തിയുള്ളവരും പടയൊരുക്കത്തിലാണ്‌. പ്രത്യേകിച്ച്‌, പഴയ കരുണാകരന്‍ വിഭാഗത്തില്‍പ്പെട്ടവര്‍. കെ. കരുണാകരന്റെ വിശ്വസ്‌തനായിരുന്ന എന്‍. പീതാംബരക്കുറുപ്പില്‍നിന്നുപിടിച്ചെടുത്ത്‌ ആര്‍.എസ്‌.പിക്കു നല്‍കിയ കൊല്ലം സീറ്റില്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെങ്കില്‍ ഈ അതൃപ്‌തി ആളിക്കത്തും. അതിന്റെ സൂചനയാണ്‌ കഴിഞ്ഞദിവസം ചാരക്കേസുമായി കെ. മുരളീധരന്‍ രംഗത്തുവന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.