നെയ്യാറ്റിന്‍കര: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി സരിതാ നായരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സരിത തന്റെ അഭിഭാഷകനോടൊപ്പം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.
നടക്കുമ്പോള്‍ തനിക്ക് ക്ഷീണം അനുഭവപ്പെടുന്നതായി സരിത ഡോക്ടറെ അറിയിച്ചു. ചൊവ്വാഴ്ച ഇവരുടെ രക്തപരിശോധന നടത്തിയിരുന്നു. ഇന്ന് ഹൃദയസംബന്ധിയായ ചില പരിശോധനകള്‍ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സരിത എസ് നായര്‍ പൊട്ടിച്ച സുപ്രധാന വെളിപ്പെടുത്തലായിരുന്നു എംഎല്‍എ അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തുവെന്നത്. എന്നാല്‍ കേസില്‍ മൊഴി നല്‍കുന്നതില്‍നിന്നു സരിത ചൊവ്വാഴ്ച നാടകീയമായി പിന്‍വാങ്ങിയിരുന്നു.
ഉച്ചകഴിഞ്ഞു കേസ് പരിഗണിച്ചപ്പോള്‍ ആശുപത്രിയില്‍ ആയതിനാല്‍ മെയ് 29 ന് മൊഴി നല്‍കാന്‍ കഴിയില്ലെന്നും അഞ്ച് ദിവസം കൂടി അനുവദിക്കണമെന്നുമാണ് സരിത കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റന്നാള്‍ തന്നെ സരിത മൊഴി നല്‍കണമെന്നും, അന്ന് കേസ് പരിഗണിക്കുമ്പോള്‍ ഹര്‍ജി സമര്‍പ്പിച്ചാല്‍ മതിയെന്നും അപ്പോള്‍ പരിഗണിക്കാമെന്നുമാണ് കോടതി മറുപടി നല്‍കിയത്.








