കൊച്ചി: സിനിമാതാരം ദിലീപ് നികുതി വെട്ടിപ്പ് നടത്തിയതായി സെന്‍ട്രല്‍ എക്‌സൈസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ പിഴശിക്ഷ ചുമത്തുമെന്നാണ് അറിയുന്നത്. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി ദിലീപിന് നോട്ടീസ് നല്‍കും. എന്നാല്‍, ദിലീപ് എത്ര തുകയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നോ എത്ര തുക പിഴയായി നല്‍കേണ്ടിവരുമെന്നോ വെളിപ്പെടുത്താന്‍ അന്വേഷണസംഘം വിസമ്മതിച്ചു. സേവനനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരേ സെന്‍ട്രല്‍ എക്‌സൈസ് (പ്രിവന്റീവ്) വിഭാഗം അന്വേഷണം നടത്തുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിപ്പു സംബന്ധിച്ച വ്യക്‌തമായ സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ലഭിച്ച രേഖകള്‍ ക്രോഡീകരിച്ചശേഷമാകും എത്ര രൂപ പിഴ ചുമത്തണമെന്ന് തീരുമാനിക്കുക. നോട്ടീസ് ലഭിച്ചാല്‍ ദിലീപിന് പിഴ അടയ്‌ക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം സിനിമ, പരസ്യങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി ദിലീപിന്റെ വിവിധ ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം ആദായനികുതി വിഭാഗം നടത്തുന്നതായാണ് അറിയുന്നത്. സിനിമാ മേഖലയിലെ മറ്റു ചില പ്രമുഖരും ആദായനികുതി വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.








