ബ്ലേഡ് പലിശയടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ ഗുണ്ടാ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കൂടുതല്‍ കര്‍ക്കശമായ നിയമ നിര്‍മ്മാണം വരുന്നു. ഗുണ്ടാ നിയമത്തില്‍ അറസ്റ്റിലാകുന്നവരെ തടവില്‍ പാര്‍പ്പിക്കുന്നതിനുള്ള കാലാവധി ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കാനും തീരുമാനമായി. നിയമഭേദഗതി വരുത്തുന്നതിന് ആഭ്യന്തര വകുപ്പ് രൂപം നല്‍കി മന്ത്രസഭയുടെ പരിഗണനക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ നിയമഭേദഗതി ആലോചിച്ചിരുന്നെങ്കിലും മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ പേരില്‍ നിര്‍ദേശം വേണ്ടെന്നുവെച്ചിരുന്നു.
നിയമം വന്നു കഴിഞ്ഞാല്‍ വിചാരണയില്ലാതെ അറസ്റ്റിലാകുന്ന വ്യക്തിയെ ഒരു വര്‍ഷം വരെ തടവില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും. സാമ്പത്തികകുറ്റകൃത്യങ്ങള്‍ ഗുണ്ടാനിയമത്തില്‍ കൂടുതല്‍ വ്യക്തമായി നിര്‍വചിക്കുകയും ചെയ്യുന്നുണ്ട്. അമിതപലിശ ഈടാക്കുന്നവരെയും പീഡനത്തിലൂടെ പലിശ ഈടാക്കുന്നവരെയും ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യാനും നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. കൊള്ളപലിശ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും ഈടാക്കുന്നത് തടഞ്ഞുകൊണ്ടുള്ള വകുപ്പാണ് നിര്‍ദേശിക്കപ്പെട്ടതെങ്കിലും നിയമവകുപ്പ് ഇതിന് കൂടുതല്‍ വ്യക്തതനല്‍കി. അമിതപലിശ ഈടാക്കല്‍ നിലവിലുള്ള നിയമപ്രകാരം തന്നെ നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ആവര്‍ത്തിക്കുന്നവര്‍ക്കാണ് നിയമം ബാധകമാകുക.
മണല്‍, മദ്യം, മയക്കുമരുന്ന് മാഫിയകള്‍, അസാന്മാര്‍ഗിക കുറ്റങ്ങള്‍, പകര്‍പ്പവകാശം, സൈബര്‍ കുറ്റങ്ങള്‍ തുടങ്ങി നിലവിലുള്ള ഗുണ്ടാ നിയമത്തില്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ എല്ലാം തുടര്‍ന്നും നിലനില്‍ക്കും. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്കാണ് ഗുണ്ടാനിയമപ്രകാരം ഒരു വര്‍ഷം വരെ തടവില്‍ പാര്‍പ്പിക്കുക എന്ന നിയമം ബാധകമാകുക.








