തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനില്‍ എഴുതിയുണ്ടാക്കുന്ന കരാറിനും സമ്മതപത്രത്തിനും വിലയില്ലെന്നു സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍. പോലീസ് ഉദ്യോഗസ്‌ഥരുടെ നിര്‍ബന്ധപ്രകാരം ഒപ്പിട്ടു കൊടുക്കുന്ന രേഖകള്‍ സ്വമേധയാ ഒരാള്‍ എഴുതിയതാണെന്നു പറയാനാവില്ലെന്നും കമ്മിഷന്‍ അംഗം ആര്‍. നടരാജന്‍. ബ്ലേഡ് പലിശയ്‌ക്കു കടംവാങ്ങി തിരിച്ചുകൊടുക്കാനാവാതെ ആത്മഹത്യ ചെയ്‌ത പാലക്കാട് കൊടുതിരപ്പള്ളി ഉമാനഗറില്‍ ജഗദീഷ് കുമാറിന്റെ ഭാര്യ സുരേഖ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ശെല്‍വന്‍ എന്നയാളില്‍നിന്നു മൂന്നരലക്ഷം രൂപ കടംവാങ്ങിയ ഭര്‍ത്താവ് പലിശയും പിഴപ്പലിശയും ചേര്‍ത്ത് 15 ലക്ഷം രൂപ തിരികെ നല്‍കണമെന്ന പോലീസ് നിര്‍ദേശം പാലിക്കാനാകാതെയാണ് ആത്മഹത്യ ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. പാലക്കാട് നോര്‍ത്ത് സ്‌റ്റേഷനിലെ സി.ഐയും എ.എസ്.ഐയും ചേര്‍ന്ന് 15 ലക്ഷം രൂപ മൂന്നു ദിവസത്തിനകം നല്‍കാമെന്നു ശെല്‍വന്റെയും സഹായികളായ ഗുണ്ടകളുടെയും സാന്നിധ്യത്തില്‍ ജഗദീഷിനെക്കൊണ്ട് എഴുതി ഒപ്പിടുവിച്ചെന്നും പരാതിയിലുണ്ട്. ശെല്‍വനില്‍നിന്നു ജഗദീഷ്‌കുമാര്‍ 15 ലക്ഷം രൂപ വാങ്ങിയെന്നും വീടും സ്‌ഥലവും രജിസ്‌റ്റര്‍ ചെയ്‌തു നല്‍കാത്തതുമൂലം ഇടപെട്ടതാണെന്നും കമ്മിഷനു പോലീസ് സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്‌തമാക്കി. പാലക്കാട് ടൗണ്‍ നോര്‍ത്ത് എ.എസ്.ഐ. രാജഗോപാലിന്റെയും സി.ഐ: കെ.എം. ബിജുവിന്റെയും നടപടി നിയമവിരുദ്ധമാണെന്നു കമ്മിഷന്‍ നിരീക്ഷിച്ചു. ഇവരുടെ സമ്മര്‍ദമാണു ജഗദീഷിന്റെ ആത്മഹത്യയ്‌ക്കു കാരണമായതെന്നും കമ്മിഷന്‍ പറഞ്ഞു. കേസ് ഡിവൈ.എസ്.പിയില്‍ കുറയാത്ത ഉദ്യോഗസ്‌ഥനെകൊണ്ട് അന്വേഷിപ്പിക്കണമെന്നു കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. പോലീസുദ്യോഗസ്‌ഥരായ രാജഗോപാലിന്റെയും ബിജുവിന്റെയും പേരില്‍ വകുപ്പുതല അന്വേഷണം നടത്തണം. പരാതിക്കാരിയും ശെല്‍വനും തമ്മിലുള്ള വസ്‌തു ഇടപാടില്‍ പോലീസുദ്യോഗസ്‌ഥര്‍ ഇടപെടരുതെന്നും ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.








