തിരുവനന്തപുരം: ഝാര്‍ഖണ്ഡില്‍ നിന്നും മലപ്പുറം മുക്കത്തെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. കുട്ടികളുടെ കടത്ത് മനുഷ്യക്കടത്താണെന്ന ആഭ്യന്തര വകുപ്പിന്റെയും കേസ് അന്വേഷിച്ച ഡിഐജി ശ്രീജിത്തിന്റെയും അഭിപ്രായം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സംഭവിച്ചത് നടപടിക്രമങ്ങളുടെ വീഴ്ചമാത്രമാണ്. മനുഷ്യക്കടത്താണെന്ന ആഭ്യന്തര വകുപ്പിന്റെ പരാമര്‍ശം ശരിയല്ലെന്നും യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗമാണ് ഈ നിലപാടിലെത്തിയത്.
കുട്ടികളെ കടത്തിയതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരെ മുസ്ലീം ലീഗ് കര്‍ശന നിലപാടുമായി എത്തിയതോടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിതനായത്. ഇതോടെ എഫ്‌ഐആറിലെ വകുപ്പുകളില്‍ ഇളവ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
സര്‍ക്കാരിന്റെ പുതിയ വിലയിരുത്തല്‍ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല എന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.മുരളീധരന്‍ പറഞ്ഞു. പാണക്കട് തങ്ങള്‍ പറയുന്നത് അനുസരിച്ചാണ് സംസ്ഥാനത്ത് ഭരണമെന്നും ബിജെപി കുറ്റപ്പെടുത്തി.
കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണോ എന്ന് പരിശോധിച്ചുവരികയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ.ബി കോശി പറഞ്ഞു.
അതേസമയം, അന്യസംസ്ഥാനത്തുനിന്നുള്ള അനാഥലയങ്ങളിലെ അന്തേവാസികള്‍ക്ക് നല്‍കി വന്നിരുന്ന ഗ്രാന്റുകള്‍ റദ്ദാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.








