Home » » വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയ്‌ക്ക്‌ ആവേശോജ്‌ജ്വല തുടക്കം.

വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയ്‌ക്ക്‌ ആവേശോജ്‌ജ്വല തുടക്കം.

Written By Unknown on Tuesday, 4 November 2014 | 16:44

കാസര്‍ഗോഡ്‌: കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയ്‌ക്ക്‌ ആവേശോജ്‌ജ്വല തുടക്കം. സംസ്‌ഥാന അതിര്‍ത്തിയായ കുമ്പളയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജാഥാ ക്യാപ്‌റ്റന്‍ വി.എം. സുധീരന്‌ പാര്‍ട്ടി പതാക കൈമാറി യാത്ര ഉദ്‌ഘാടനം ചെയ്‌തു.
 
ബാര്‍കോഴ വിവാദവും കലുഷിതമായ രാഷ്‌ട്രീയ സാഹചര്യങ്ങളും പ്രസംഗത്തില്‍ പരാമര്‍ശിക്കാതിരിക്കാന്‍ പങ്കെടുത്ത നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു. തദ്ദേശ സ്‌ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടാണ്‌ യാത്രസംഘടിപ്പിച്ചതെങ്കിലും രാഷ്‌ട്രീയം പറയാതെ ബാര്‍വിഷയത്തില്‍ വി.എം. സുധീരന്‍ സൃഷ്‌ടിച്ച പ്രതിഛായ ഉപയോഗപ്പെടുത്തുകയാണു നീക്കം. മതേതര കേരളം-വികസിത കേരളം-അക്രമ രഹിത കേരളം-ലഹരി വിരുദ്ധ കേരളം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ്‌ യാത്ര.

 
അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കുക എന്നതാണ്‌ സര്‍ക്കാര്‍ നയമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരായി പോലീസ്‌ നടപടി സ്വീകരിക്കുമ്പോള്‍ താന്‍ ആര്‍.എസ്‌.എസിനെ സഹായിക്കുകയാണെന്നും മറിച്ചുമുള്ള ആരോപണങ്ങള്‍ ഉയരുന്നത്‌ ഇതുകൊണ്ടാണ്‌. ഒരുവിഷയത്തിലും വ്യക്‌തമായ നിലപാടുകള്‍ ഇല്ലാതെയാണ്‌ ഇടതുമുന്നണിയുടെ പ്രവര്‍ത്തനം. വിരുദ്ധ നിലപാടുസ്വീകരിച്ച്‌ നേതാക്കള്‍ തമ്മിലടിച്ച്‌ യാദവ കുലം പോലെ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി തകരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌്രടീയം വിദ്വേഷത്തിനല്ലെന്നും മനുഷ്യനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ബി.ജെ.പിയും സി.പി.എമ്മും ഈ വസ്‌തുത മനസിലാക്കുന്നില്ല. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സകലവിധ അടവുകളും പയറ്റിയ സി.പി.എം. ഇപ്പോള്‍ പശ്‌ചാത്തപിക്കുകയാണ്‌- മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര മദ്യക്കുത്തകകള്‍ പലശക്‌തികളെയും അണിനിരത്തി സര്‍ക്കാരിന്റെ മദ്യനയത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ വി.എം. സുധീരന്‍ ആരോപിച്ചു.

ഇത്തരം ശക്‌തികളെ പരാജയപ്പെടുത്തുക എന്നത്‌ സര്‍ക്കാരിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ലക്ഷ്യമാണ്‌. പരിസ്‌ഥിതി സൗഹൃദ പദ്ധതികളിലൂടെ നവകേരളം കെട്ടിപ്പടുക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണ്‌- സുധീരന്‍ പറഞ്ഞു. കാസര്‍ഗോഡ്‌ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. സി.കെ. ശ്രീധരന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്‌, മന്ത്രിമാരായ കെ. ബാബു. കെ.സി. ജോസഫ്‌, കര്‍ണാടക മന്ത്രിമാരായ രമാനാഥ്‌ റെ, വിനയ കുമാര്‍ സ്വര്‍ഗ, യു.ടി. ഖാദര്‍, എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്‌, ആന്റോ ആന്റണി, എം.എല്‍.എ. ബെന്നി ബഹനാന്‍ എന്നിവര്‍ക്കു പുറമേ പ്രഫ. പി.ജെ. കുര്യന്‍, സതീശന്‍ പാച്ചനി, ടി.സിദ്ദിഖ്‌, ബിന്ദു കൃഷ്‌ണ, ഷാനിമോള്‍ ഉസ്‌മാന്‍, ഡീന്‍ കുര്യാക്കോസ്‌, പത്മജ വേണുഗോപാല്‍, എം.എം. ഹസന്‍, എന്നിവരും പ്രസംഗിച്ചു. 140 മണ്‌ഡലങ്ങളിലൂടെ സഞ്ചരിച്ച്‌ ഡിസംബര്‍ ഒമ്പതിന്‌ തിരുവനന്തപുരത്ത്‌ ജാഥ സമാപിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.