ആലപ്പുഴ: കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസനു ബ്ലോഗിലൂടെ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പരിഹാസം. ബാര്‍ കോഴ വിവാദത്തില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം പി.സി ജോര്‍ജാണെന്ന ഹസന്റെ വിമര്‍ശനമാണു ജോര്‍ജിനെ പ്രകോപിപ്പിച്ചത്.
"ഉച്‌ഛിഷ്‌ടഭോജിയായ ദേശാടനക്കിളി നഞ്ചുകലക്കി വീണ്ടും സജീവമാകുന്നു" എന്ന തലക്കെട്ടിലാണു ജോര്‍ജിന്റെ വിമര്‍ശനം. കരുണാകരനേയും നമ്പിനാരായണനേയും തകര്‍ക്കാന്‍ ചാരക്കേസ് സൃഷ്‌ടിച്ചതില്‍ പ്രമുഖനാണു ഹസനെന്ന് അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെ ജോര്‍ജ് കുറ്റപ്പെടുത്തുന്നു. നിന്നിടത്തെല്ലാം തോറ്റ ചരിത്രമുള്ളയാള്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് തരപ്പെടുത്താന്‍ പുതിയ നഞ്ച് കലക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.
ചാരക്കേസ് മെനഞ്ഞെടുക്കുന്നതില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായ കേരള രാഷ്‌ട്രീയത്തിലെ ദേശാടനക്കിളി വീണ്ടും സജീവമാവുകയാണ് എന്നാണു ബ്ലോഗില്‍ ജോര്‍ജ് വിവരിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ദേശാടനക്കിളി എന്നു വിളിക്കുന്ന ഈ നഞ്ചുകലക്കിയുടെ വിനോദം നിയോജകമണ്ഡലങ്ങള്‍ തേടി പറക്കുകയാണെന്നും ജോര്‍ജ് പരിഹസിക്കുന്നു. കാളകൂടവിഷത്തേക്കാള്‍ വലിയ മാരകക്കൂട്ടുമായി തനിക്കുള്ള മീന്‍ രാഷ്‌ട്രീയ നദിയില്‍നിന്നു കൊത്തിയെടുക്കാന്‍ പറക്കുകയാണ് ഈ ദേശാടനക്കിളിയെന്നും കളിയാക്കുന്നുണ്ട്.








