Home » » മനോജ്‌ ഏബ്രഹാമിനെതിരേ വിജിലന്‍സ്‌ കേസ് നല്കിയ ആളെക്കുറിച്ച് ചട്ടവിരുദ്ധമായി ഇന്റലിജന്‍സ്‌ അന്വേഷണം നടത്തുന്നതായി പരാതി.

മനോജ്‌ ഏബ്രഹാമിനെതിരേ വിജിലന്‍സ്‌ കേസ് നല്കിയ ആളെക്കുറിച്ച് ചട്ടവിരുദ്ധമായി ഇന്റലിജന്‍സ്‌ അന്വേഷണം നടത്തുന്നതായി പരാതി.

Written By Unknown on Saturday, 20 December 2014 | 19:01

പത്തനംതിട്ട: ഐ.ജി മനോജ്‌ ഏബ്രഹാമിനെതിരേ വിജിലന്‍സ്‌ കോടതിയില്‍ പരാതി സമര്‍പ്പിച്ച ആറന്മുള സ്വദേശിക്കെതിരേ ചട്ടവിരുദ്ധമായി ഇന്റലിജന്‍സ്‌ അന്വേഷണം നടത്തുന്നതായി പരാതി.
പാറമട ലോബിയുമായുള്ള അവിശുദ്ധ ബന്ധം, എ.സി.എസ്. ടെക്‌നോളജി എന്ന സ്‌ഥാപനവുമായി ഐ.ജിക്കുള്ള വഴിവിട്ട ഇടപാട്‌, അനധികൃത സ്വത്ത്‌ സമ്പാദനം എന്നിവ ചൂണ്ടിക്കാട്ടിയാണ്‌ ആറന്മുള ചൈതന്യയില്‍ പി.പി. ചന്ദ്രശേഖരന്‍ നായര്‍ വിജിലന്‍സ്‌ കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ടുള്ളത്‌. കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണറായിരിക്കെ മനോജ്‌ ഏബ്രഹാം അനധികൃത സ്വത്ത്‌ സമ്പാദിച്ചു എന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ പരാതി നല്‍കിയ വ്യക്‌തിയെപ്പറ്റി ഇന്റലിജന്‍സ്‌ ഉന്നതന്റെ നിര്‍ദേശപ്രകാരം രഹസ്യാന്വേഷണം നടക്കുന്നത്‌.
പരാതിക്കാരന്റെ ആസ്‌തി, പത്തനംതിട്ട എസ്‌.പി ആയിരിക്കെ കൈക്കൂലികേസില്‍ സസ്‌പെന്റ്‌ ചെയ്യപ്പെട്ട രാഹുല്‍ ആര്‍.നായരുമായുള്ള ബന്ധം, പരാതിക്കാരന്റെ രാഷ്‌ട്രീയ ബന്ധം എന്നിവയെപ്പറ്റിയാണ്‌ അന്വേഷണം. ഉന്നതന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഇന്റലിജന്റ്‌സ്‌ മേധാവി നേരിട്ടാണ്‌ അന്വേഷണം നടത്തിയത്‌. പരാതിക്കു പിന്നില്‍ ഹിന്ദു ഐക്യവേദിക്ക്‌ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി സൂചനയുണ്ട്‌.തനിക്കെതിരേയുള്ള നിയമ വിരുദ്ധ നടപടികളെക്കുറിച്ച്‌ ആഭ്യന്തരവകുപ്പില്‍ പരാതിപ്പെടാനുള്ള നീക്കത്തിലാണ്‌ ചന്ദ്രശേഖരന്‍ നായര്‍. നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.