Home » » യഥാര്‍ത്ഥ സമ്പത്ത്‌ സാംസ്‌കാരിക മൂലധനം കെ.എന്‍. ഗോവിന്ദാചാര്യ

യഥാര്‍ത്ഥ സമ്പത്ത്‌ സാംസ്‌കാരിക മൂലധനം കെ.എന്‍. ഗോവിന്ദാചാര്യ

Written By Unknown on Monday, 8 December 2014 | 00:33

കോഴിക്കോട്;സാമ്പത്തിക വളര്‍ച്ചയെ അടിസ്ഥാനമാക്കി രാഷ്‌ട്രത്തിന്റെ സമ്പദ്‌ഘടനയെ വിലയിരുത്തുന്നത്‌ ശരിയല്ല. സാംസ്‌കാരിക മൂലധനമാണ്‌ യഥാര്‍ത്ഥ സമ്പത്ത്‌. വികസന കാഴ്‌ചപ്പാടുകളും മുന്‍ഗണനാ ഉപാധികളുമെല്ലാം കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടേണ്ടതാണ്‌. മനുഷ്യ കേന്ദ്രീകൃതമായ വികസന സിദ്ധാന്തങ്ങള്‍ ആപത്താണ്‌. അത്‌ പ്രകൃതി കേന്ദ്രീകൃതമാവുകയാണ്‌ വേണ്ടത്‌. പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിര്‍ത്തിയുള്ള വികസനസംസ്‌കാരമാണ്‌ ഇന്നിന്റെ ആവശ്യം. പ്രമുഖചിന്തകനും ഭാരതവികാസ്‌ സംഗമം സ്ഥാപകനുമായ കെ.എന്‍. ഗോവിന്ദാചാര്യ പറഞ്ഞു. 'ഭാരതം ഇന്നും നാളെയും' എന്ന വിഷയത്തില്‍ കോഴിക്കോട്‌ കെ.പി. കേശവമേനോന്‍ ഹാളില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആഗോളവത്‌കരണം കമ്പോളത്തെയാണ്‌ വളര്‍ത്തുന്നത്‌, അതോടൊപ്പം, കുടുംബവും, പ്രകൃതിയും മൂല്യവ്യവസ്ഥകളും തകര്‍ന്നടിയുകയാണ്‌. 80 ശതമാനം വിഭവങ്ങളും 20 ശതമാനം പേര്‍ കൈയ്യടക്കി വെക്കുന്ന സാഹചര്യമാണ്‌ ലോകത്താകമാനം ഇന്ന്‌ കാണുന്നത്‌. പ്രകൃതിയെ നേരിട്ട്‌ നശിപ്പിക്കുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്‌. മനുഷ്യനാണ്‌ എല്ലാറ്റിനും മുകളില്‍ എന്ന അബദ്ധധാരണയാണിതിന്‌ കാരണം. പ്രകൃതിയുടെ സംതുലിതാവസ്ഥ തകിടം മറിഞ്ഞാല്‍ സര്‍വ്വനാശമായിരിക്കും സംഭവിക്കുക. അത്‌ തിരിച്ചറിഞ്ഞുള്ള പരസ്‌പര സഹവര്‍ത്തിത്വം വളര്‍ത്തി എടുക്കുക എന്നതാണ്‌ പ്രധാനം. ഗോവിന്ദാചാര്യ പറഞ്ഞു.

2015 ജനുവരി 19 മുതല്‍ 25 വരെ, മഹാരാഷ്‌ട്രയിലെ, കോലാപൂരിലെ ശ്രീക്ഷേത്രസിദ്ധിഗിരി മഠത്തില്‍ നടക്കുന്ന ഭാരതീയ സംസ്‌കൃതി ഉത്സവത്തിന്റെ പ്രചരണാര്‍ത്ഥമാണ്‌ കോഴിക്കോട്‌ പ്രഭാഷണം സംഘടിപ്പിച്ചത്‌.
പുത്തേഴത്ത്‌ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ജി. മുരളീധരന്‍, സുനില്‍ വിശ്വചൈതന്യ, ഗോപകുമാരന്‍ തമ്പി എന്നിവര്‍ സംസാരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.