തിരുവനന്തപുരം:സംസ്ഥാനത്തെ മദ്യനയത്തിന്റെ ഭാഗമായി ഞായറാഴ്ചകളില് ഡ്രൈ ഡേ ആക്കിയ നടപടി സര്ക്കാര് പിന്വലിച്ചു. ഇതേതുടര്ന്ന് ഞായറാഴ്ചകളിലും ബാറും മദ്യവില്പ്പന ശാലകളും തുറന്നു പ്രവര്ത്തിക്കും. മദ്യനയത്തിലെ ആഘാത പഠന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവാരമില്ലാത്തതിന്റെ പേരില് സംസ്ഥാനത്ത് നിലവില് പൂട്ടിക്കിടക്കുന്ന 418 ബാറുകള്ക്കും ബിയര് വൈന് പാര്ലര് ലൈസന്സ് അനുവദിക്കാനും പ്രത്യേക മന്ത്രിസഭാ യോഗത്തില് തീരുമാനമായി. മാര്ച്ച് 31 വരെ പ്രവര്ത്തിച്ച എല്ലാ ബാറുകള്ക്കു ബിയര് വൈന് പാര്ലര് ലൈസന്സ് അനുവദിക്കാനും പ്രത്യേക മന്ത്രിസഭാ യോഗത്തില് തീരുമാനമായി.
ബാറുകളുടെ പ്രവര്ത്തന സമയം ദിവസം രണ്ടു മണിക്കൂര് കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. രാവിലെ എട്ടു മുതല് രാത്രി 11 വരെ എന്നത് രാവിലെ ഒന്പത് മുതല് രാത്രി പത്തു വരെ എന്ന നിലയില് ക്രമീകരിക്കാനാണ് തീരുമാനം.
ഞായറാഴ്ചകളില് ഏര്പ്പെടുത്തിയ ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്നും തൊഴില് മേഖലയിലെ നഷ്ടം പരിഹരിക്കുന്നതിന് ഏര്പ്പെടുത്തിയ നടപടികള് പര്യാപ്തമല്ലെന്നും റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ മുഖ്യമന്ത്രിക്ക് സമര്പ്പിച്ച റിപ്പോര്ട്ട് മന്ത്രിസഭാ യോഗം പരിശോധിച്ചു. ഇതേതുടര്ന്നാണ് തീരുമാനം.
അതേസമയം, കൂടുതല് ബിയര്-വൈന് പാര്ലര് അനുവദിച്ച നടപടിയെ മുസ്ലീംലീഗ് എതിര്ത്തു.








