ന്യൂഡല്‍ഹി: ക്രിസ്‌ത്യാനികള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു നേരേ രാജ്യത്തു നടക്കുന്ന അക്രമങ്ങള്‍ ആസൂത്രിതമായ ഗൂഢലക്ഷ്യങ്ങളോടെയുള്ളതാണെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ കൂട്ടോയും ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ആരോപിച്ചു. മതംമാറ്റ നിരോധനമല്ല, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യമാണു വേണ്ടതെന്നും ഇരുവരും സംയുക്‌ത പ്രസ്‌താവനയില്‍ പറഞ്ഞു.
മതപരിവര്‍ത്തനം നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ചെയ്യേണ്ടതല്ല. എന്നാല്‍ ആഗ്രയില്‍ ഭരണകൂടത്തിന്റെ സംരക്ഷണത്തില്‍ ആസൂത്രിതമായി ഘര്‍ വാപസി എന്ന മതപരിവര്‍ത്തന പരിപാടി നടത്തുകയായിരുന്നു. ബി.പി.എല്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും മറ്റും നല്‍കാമെന്നു പ്രലോഭിപ്പിച്ച് പാവപ്പെട്ടവരെ മതംമാറ്റുകയായിരുന്നു എന്നാണ് മനസിലാകുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ കത്തോലിക്കാ സഭ അംഗീകരിക്കുന്നില്ല. ക്രിസ്‌ത്യാനികളെയും മുസ്ലിംകളെയും രാഷ്‌ട്രീയമായി ഉന്നം വച്ചാണ് പൊതു സിവില്‍ നിയമം കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രിമാരും എം.പിമാരും ആവശ്യപ്പെടുന്നത്. ക്രിസ്‌മസ് ദിനം പ്രവൃത്തിദിനമാക്കാനുള്ള നീക്കം അപലപനീയമാണെന്നും ബിഷപ്പുമാര്‍ പറഞ്ഞു.
നരേന്ദ്ര മോഡി ഏതെങ്കിലും സമുദായത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല, എല്ലാ ഇന്ത്യക്കാരുടെയും പ്രധാനമന്ത്രിയാണ്. ന്യൂനപക്ഷവിരുദ്ധമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഇടപെട്ട് തടയാതിരിക്കുന്നത് ശരിയല്ല. സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള സംഘപരിവാര്‍ സംഘടനകളാണ് മതപരിവര്‍ത്തനം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ വര്‍ഗീയത നിറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്‌പൂരില്‍ കഴിഞ്ഞ ദിവസം ക്രിസ്‌മസ് ആഘോഷം നടത്തിയ നാലു സ്‌ത്രീകള്‍ അടക്കമുള്ള 12 അംഗ സംഘത്തെ പോലീസ് അന്യായമായി തടങ്കലില്‍ വച്ചെന്ന് റിലീജിയസ് ലിബര്‍ട്ടി കമ്മിഷന്‍ ഡയറക്‌ടര്‍ റവ. വിജയേഷ് റിച്ചാര്‍ഡ് ഹവല്‍ പറഞ്ഞു.








