തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ആരോപണ വിധേയനായതിനാല്‍ കെ എം മാണി രാജി വെയ്‌ക്കണമെന്ന് ഇടതുപക്ഷം. ആരോപണ വിധേയനായ കെ എം മാണിക്ക് സ്‌ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഎം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്‌തമാക്കി. സിപിഐയും മാണിക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്.
യുഡിഎഫ് അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്നും വേണ്ടി വന്നാല്‍ മാണിയെ ബഹിഷ്‌ക്കരിക്കുന്ന കാര്യം ആലോചിക്കുമെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബജറ്റ് വിറ്റ് കാശാക്കിയെന്ന ആരോപണം സുനില്‍കുമാര്‍ എംഎല്‍എ വീണ്ടും ആലോചിച്ചു. മാണിയെ തുടരാന്‍ അനുവദിക്കില്ലെന്നും സത്യസന്ധമായ ഒരു അന്വേഷണമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെങ്കില്‍ കെ എം മാണിയെ മാറ്റി നിര്‍ത്തിയാകണം അന്വേഷിക്കാന്‍ എന്നും കോഴ വിവാദത്തില്‍ തെളിവ് നല്‍കേണ്ട സാഹചര്യം ഉണ്ടായാല്‍ അത് ചെയ്യുമെന്നും സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ആരോപണ വിധേയരായവര്‍ രാജി വെയ്‌ക്കുകയാണെങ്കില്‍ മന്ത്രിസഭയില്‍ ആരും ഉണ്ടാകില്ലെന്നായിരുന്നു പി സി ജോര്‍ജ്‌ജിന്റെ പ്രതികരണം. എഫ്‌ഐആര്‍ സമര്‍പ്പിച്ചു എന്നതിനെ ആനക്കാര്യമായി കരുതേണ്ട കാര്യമില്ലെന്നും പിസി ജോര്‍ജ്‌ജ് പറഞ്ഞു. രാഷ്‌ട്രീയ ഗൂഡാലോചനയെന്നാണ് മാണിയുടെ പ്രതികരണം.







