Home » » സര്‍ക്കാര്‍ നയ പരിഷ്കരണം ഭിന്നശേഷിയുള്ളവരെ വലയ്‌ക്കുന്നു.

സര്‍ക്കാര്‍ നയ പരിഷ്കരണം ഭിന്നശേഷിയുള്ളവരെ വലയ്‌ക്കുന്നു.

Written By Unknown on Wednesday, 10 December 2014 | 09:08

കണ്ണൂര്‍ : ഭിന്നശേഷിയുള്ളവര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ചെയ്‌ത മൂന്നു ശതമാനം തസ്‌തികകളിലേക്കു നിയമനത്തിനുള്ള പിഎസ്‌സിയുടെ പുതിയ നിര്‍ദേശങ്ങള്‍ ഉദ്യോഗാര്‍ഥികളെ വലയ്‌ക്കുന്നതും അനര്‍ഹര്‍ ആനുകൂല്യം തട്ടിയെടുക്കാന്‍ ഇടയാക്കുന്നതുമെന്നു പരാതി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും 17, 18 തിയതികളില്‍ നടക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ പരിശോധനയ്‌ക്കും അനുയോജ്യതാ നിര്‍ണയത്തിനും എത്തുമ്പോള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഭിന്നശേഷി തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റാണു പരാതിക്കു വഴിയൊരുക്കുന്നത്‌. അനുയോജ്യതാ നിര്‍ണയത്തിനു ഹാജരാകാന്‍ ഭിന്നശേഷിയുള്ളവര്‍ക്ക്‌ അയച്ച അറിയിപ്പിനൊപ്പം സര്‍ട്ടിഫിക്കറ്റിന്റെ മാതൃക അയച്ചിട്ടുണ്ട്‌. അതത്‌ വിഭാഗത്തിലെ ഡോക്‌ടറില്‍ നിന്ന്‌ ഈ മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ്‌ ജില്ലാ പിഎസ്‌സി ഓഫിസില്‍ എത്തിക്കാനാണു നിര്‍ദേശം. 
 
നേരത്തെ ഭിന്നശേഷിയുള്ളവര്‍ക്കു സര്‍ട്ടിഫിക്കറ്റു നല്‍കുന്നതിനായി ജില്ലാ മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപീകരിച്ചിരുന്നു. അഞ്ച്‌ അംഗങ്ങളും മെഡിക്കല്‍ ബോര്‍ഡ്‌ ചെയര്‍മാനുമടക്കം ആറു ഡോക്‌ടര്‍മാര്‍ പരിശോധിച്ചാണ്‌ ഇതു നല്‍കിയത്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ സാമൂഹ്യക്ഷേമ വകുപ്പ്‌ തദ്ദേശ സ്‌ഥാപനതലത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച്‌ വികലാംഗര്‍ക്കു മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ഇതിന്റെ അടിസ്‌ഥാനത്തില്‍ തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിരുന്നു. ഈ തിരിച്ചറിയല്‍ കാര്‍ഡ്‌ ഭിന്നശേഷിക്കാരുടെ ഔദ്യോഗിക രേഖയാണെന്നാണു പറഞ്ഞിരുന്നത്‌. ദശലക്ഷക്കണക്കിനു രൂപ ചെലവിട്ടാണു സംസ്‌ഥാനത്തെമ്പാടും ഇതു നടപ്പാക്കിയത്‌.
 
കണ്ണൂര്‍ ജില്ലയില്‍ പലര്‍ക്കും ഈ കാര്‍ഡു നല്‍കിയത്‌ 2012 ജൂണ്‍ 30ന്‌ ആണ്‌. ഇതേ ദിവസം സാമൂഹ്യക്ഷേമ വകുപ്പ്‌ ഇറക്കിയ ജിഒ(പി) നമ്പര്‍ 39/2012/എസ്‌ഡബ്ല്യുഡി എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ചുവട്‌ പിടിച്ചാണ്‌ പിഎസ്‌സിയുടെ പുതിയ നിര്‍ദേശം. ഈ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണു പുതിയ മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാന്‍ പിഎസ്‌സി ഉദ്യോഗാര്‍ഥികളോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.
 
മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റില്‍ ആറു ഡോക്‌ടര്‍മാര്‍ പരിശോധിച്ച്‌ ഒപ്പിട്ടിരുന്നുവെങ്കില്‍, പിഎസ്‌സി ആവശ്യപ്പെടുന്നതില്‍ ഒന്നിലധികം ഭിന്നശേഷിയുള്ളവര്‍ മാത്രമാണു മെഡിക്കല്‍ ബോര്‍ഡ്‌ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കേണ്ടത്‌. ഒരു ഭിന്നശേഷി മാത്രമുള്ളവര്‍ ബന്ധപ്പെട്ട വിഭാഗത്തില്‍ ബിരുദാന്തര ബിരുദവും രണ്ടു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയവുമുള്ള സാമൂഹികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ്‌ വരെയുള്ള സര്‍ക്കാര്‍ സംവിധാനത്തിലെ ഏതെങ്കിലും ഡോക്‌ടര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയാല്‍ മതിയാകും. നിരവധി വികലാംഗര്‍ക്കു മെഡിക്കല്‍ ബോര്‍ഡ്‌്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്തവര്‍ക്ക്‌ നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇതു കൂടി ഉപയോഗിക്കാന്‍ അവസരമൊരുക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. അപ്പോഴും മുന്‍ഗണന മെഡിക്കല്‍ ബോര്‌ഡ്‌ നല്‍കിയ സര്‍ട്ടിഫിക്കറ്റിനാണ്‌. എന്നാല്‍, പിഎസ്‌സി ഈ ഉത്തരവ്‌ വളച്ചൊടിച്ച്‌ അഴിമതിക്കു കളമൊരുക്കുകയാണ്‌.
 
മുമ്പ്‌ ഈ സംവിധാനം ഉണ്ടായിരുന്നപ്പോള്‍ പേരിനു മാത്രം ഭിന്നശേഷിയുള്ളവര്‍ പോലും ഡോക്‌ടര്‍മാരെ സ്വാധിനിച്ചും പണം നല്‍കിയും സര്‍ട്ടിഫിക്കറ്റ്‌ സംഘടിപ്പിച്ച്‌ വികലാംഗരുടെ ആനുകാല്യങ്ങളും ജോലി സംവരണവുമെല്ലാം തട്ടിയെടുക്കുന്നസ്ഥിതി ഉണ്ടായിരുന്നു. ഇതോടെയാണ്‌ ആക്ഷേപം ഒഴിവാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്‌ സംവിധാനം വന്നത്‌. എന്നാല്‍, പുതിയ നിര്‍ദേശത്തോടെ വീണ്ടും അനര്‍ഹര്‍ കയറിപ്പറ്റുന്ന അവസ്‌ഥയുണ്ടാകുമെന്നു വികലാംഗര്‍ ആശങ്കപ്പെടുന്നു. ഒപ്പം, മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം ഉണ്ടായിട്ടും വീണ്ടും സര്‍ട്ടിഫിക്കറ്റിനായി ഡോക്‌ടര്‍മാരെ തേടി നെട്ടോട്ടമോടുകയുമാണിവര്‍.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.