വയനാട്: വയനാട്ടില്‍ മാവോയിസ്‌റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. വയനാട്ടിലെ വെള്ളമുണ്ട ചാപ്പ കോളനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇത് ആദ്യമായാണ് കേരളത്തില്‍ പോലീസും മാവോയിസ്‌റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. മാവോയിസ്‌റ്റുകളെ നേരിടുന്നതിനുള്ള തണ്ടര്‍ബോള്‍ട്ടിന് നേരെ മാവോയിസ്‌റ്റുകള്‍ വെടിവെയ്‌ക്കുകയായിരുന്നു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ചാപ്പ കോളനിയില്‍ ലഘുലേഘകള്‍ വിതരണം ചെയ്യാനെത്തിയ മാവോയിസ്‌റ്റുകളാണ് തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിവെച്ചത്. മാവോയിസ്‌റ്റുകള്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. തണ്ടര്‍ബോള്‍ട്ട് തിരിച്ച് പത്ത് റൗണ്ട് വെടിയുതിര്‍ത്തു.
വനയോര ജില്ലകള്‍ കേന്ദ്രീകരിച്ച് മാവോയിസ്‌റ്റ് ആക്രമണം രൂക്ഷമാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വയനാട്ടില്‍ ഏറ്റുമുട്ടല്‍ നടന്നത്. നില്‍പ്പ് സമരം ഉള്‍പ്പെടെയുള്ള ആദിവാസി പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് കൂടുതല്‍ ആക്രമണങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്ടില്‍ അടുത്തിടെ മാവോയിസ്‌റ്റകുള്‍ റിസോര്‍ട്ടുകള്‍ ആക്രമിച്ചതും പോസ്‌റ്ററുകള്‍ പതിച്ചതും പോലീസ് അതീവ ഗൗരവത്തോടെ നിരീക്ഷിച്ചു വരികയായിരുന്നു.








