Home » » പയ്യന്നൂരിലും ശിവപുരത്തും സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം തുടരുന്നു.

പയ്യന്നൂരിലും ശിവപുരത്തും സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം തുടരുന്നു.

Written By Unknown on Sunday, 7 December 2014 | 17:13

പയ്യന്നൂര്‍: പയ്യന്നൂരിലും മട്ടന്നൂര്‍ ശിവപുരത്തും സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം തുടരുന്നു.11 വീടുകള്‍ക്കു നേരേ ബോംബെറിയുകയും വാഹനങ്ങള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്‌തു. 
ബി.ജെ.പി. ജനശക്‌തി റാലിയും സി.പി.എം. റൂട്ട്‌ മാര്‍ച്ചിനും ശേഷം പയ്യന്നൂരില്‍ അക്രമങ്ങള്‍ തുടരുകയാണ്‌. പയ്യന്നൂര്‍ ബൈപ്പാസ്‌ റോഡിലെ തായിനേരി ജംഗ്‌ഷനില്‍ ബി.ജെ.പി. പ്രവര്‍ത്തകനായ എസ്‌. ശിവപ്രസാദ്‌ ഷേണായിയുടെ വീടിനു നേരെയാണ്‌ ആദ്യം ബോംബേറുണ്ടായത്‌. ബോംബേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അക്രമി സംഘം വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട രണ്ടു കാറുകളുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. ബൈക്കിലെത്തിയ സംഘമാണ്‌ അക്രമം നടത്തിയത്‌. വെള്ളൂര്‍ പലത്തമ്പില്‍ യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ്‌ കെ.പി. അരുണ്‍ കുമാറിന്റെ വീടിനു നേരെയും അക്രമം നടന്നു. വീടിന്റെ ജനല്‍ ചില്ലു തകര്‍ന്നു.കരുവാഞ്ചേരിയിലെ കെ.എസ്‌.ഇ.ബി. ഓഫീസിനടുത്തു താമസിക്കുന്ന ദിനേശന്റെ രണ്ടു ബൈക്കുകള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു. പുലര്‍ച്ചെ നടന്ന തീവയ്‌പ്പില്‍ ബൈക്ക്‌ കത്തിനശിച്ചു.പയ്യന്നൂര്‍ തായിനേരി കാരയില്‍ ആര്‍.എസ്‌.എസ്‌. ജില്ലാ കാര്യവാഹക്‌ പുതിയടത്ത്‌ രാജേഷിന്റെ വീടിനു നേരെയും ബോംബേറുണ്ടായി.
ബോംബ്‌ അടുക്കള ഭാഗത്തെ ചുമരില്‍തട്ടി പൊട്ടി. സ്‌ഫോടനത്തില്‍ വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന മിനിബസിന്റെ ചില്ലുകള്‍ തകര്‍ന്നു. രാമന്തളി എട്ടിക്കുളം കക്കാംപാറയില്‍ ബോംബേറില്‍ സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകരുടെ രണ്ടു വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. ബി.ജെ.പി. പ്രവര്‍ത്തകരായ എം.നാരായണന്‍,പി.വി. പുരുഷോത്തമന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ്‌ അക്രമമുണ്ടായത്‌.
നാരായണന്റെ വീടിന്റെ ജനലുകളും പുരുഷോത്തമന്റെ വീടിന്റെ മേല്‍ക്കുരയും തകര്‍ന്നു.സി.പി.എം. പ്രവര്‍ത്തകരായ റിനീഷ്‌, പി.വി. ഭരതന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ്‌ അക്രമമുണ്ടായത്‌. റിനീഷിന്റെ അമ്മ രുഗ്മിണിക്കു കണ്ണിനു പരുക്കേറ്റു. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. നാരായണന്റെ വീടിനു സമീപത്തു നിന്നു പൊട്ടാത്ത ഒരു ബോംബ്‌ പോലീസ്‌ കണ്ടെടുത്തു. പെരിങ്ങോം പോലീസ്‌ സ്‌േറ്റഷന്‍ പരിധിയിലെ കാങ്കോല്‍ എല്‍.പി. സ്‌കൂളിനു സമീപം താമസിക്കുന്ന ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം എ.കെ. രാജഗോപാലന്റെ വീടിനു നേരെയും ബോംബേറുണ്ടായി. സ്‌ഫോടനത്തില്‍ വീടിന്റെ മുകളിലെ നിലയിലെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. വന്‍ പോലീസ്‌ സന്നാഹം പ്രദേശത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.
ഉരുവച്ചാല്‍: ശിവപുരം മരുവഞ്ചേരിയില്‍ സി.പി.എം. -ബി.ജെ.പി. സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്കു പരുക്ക്‌. സി.പി.എം. ഓഫീസ്‌ ആക്രമിച്ചു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇ.കെ.നായനാര്‍ സ്‌മാരക മന്ദിരത്തിന്റെ കെട്ടിടമാണു തകര്‍ത്തത്‌. ഓഫീസിലെ 12-ഓളം ജനല്‍ ചില്ലുകള്‍, ടി.വി, ഫര്‍ണിച്ചര്‍ എന്നിവയാണു നശിപ്പിച്ചത്‌. ഒരു സി.പി.എം. പ്രവര്‍ത്തകനും നാലു ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുമാണു പരുക്കേറ്റത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.