തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറന്ന് കൊടുക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ ധനമന്ത്രി കെ എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. 50 ലക്ഷം മാണി വാങ്ങിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പൂജപ്പുര സ്‌പെഷ്യല്‍ സെല്ലാണ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആര്‍ റജിസ്‌റ്റര്‍ ചെയ്‌ത് കാര്യം ഉടന്‍ തന്നെ കോടതിയെ വിജിലന്‍സ് അറിയിക്കും.
മാണിക്കെതിരേ കേസെടുത്തില്ലെങ്കില്‍ നിയമപരമായ പ്രശ്‌നം വരുമെന്ന് നേരത്തേ ആഭ്യന്തരമന്ത്രിയെ വിജിലന്‍സ് ഡയറക്‌ടര്‍ അറിയിച്ചിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരാന്‍ കേസെടുക്കേണ്ടി വരുമെന്നും സര്‍ക്കാരിന്‍െ വിജിലന്‍സ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ വിഭാഗത്തിന് കേസ് കൈമാറും. എസ്‌പി എസ് സുകേശനാണ് അന്വേഷണ ചുമതല. ആരോപണം ഉന്നയിച്ച ബിജു രമേശന്റെ ഡ്രൈവര്‍ അമ്പിളി ഉള്‍പ്പെടെ ആറു പേരുടെ മൊഴിയാണ് മാണിക്ക് തിരിച്ചടിയായി മാറിയത്. കേസുമായി ബന്ധപ്പെട്ട് 30 പേരുടെ മൊഴികള്‍ വിജിലന്‍സ് എടുത്തിരുന്നു.
മൊഴികള്‍ക്ക് പുറമേ ബാര്‍ ഉടമകളുടെ യോഗത്തിന്റെ മിനിറ്റ്‌സ്, ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ എന്നിവയും വിജിലന്‍സ് പരിശോധിച്ചിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരൂവെന്നും തെളിവുകള്‍ കൂടുതല്‍ ശക്‌തിപ്പെടുത്തുന്നതിനും കേസെടുക്കേണ്ടത് അത്യാവശ്യമാണെന്നും വിജിലന്‍സ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.








