തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റംവരുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പരസ്യമായി രംഗത്ത്. യു.ഡി.എഫ്. ഒറ്റക്കെട്ടായി തീരുമാനിച്ചതും ജനങ്ങളില്‍ മഹാഭൂരിപക്ഷം അംഗീകരിച്ചതുമായ മദ്യനയം അട്ടിമറിക്കപ്പെട്ടെന്നും പൊതുതാല്‍പര്യത്തിനുമേല്‍ മദ്യലോബിയുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടെന്നും സുധീരന്‍ തുറന്നടിച്ചു.
മദ്യനയത്തിലെ മാറ്റം അംഗീകരിക്കില്ലെന്നും അക്കാര്യം പരസ്യമായി പറയുമെന്നും മന്ത്രിസഭായോഗത്തില്‍ മുസ്ലിംലീഗ് ഭീഷണി മുഴക്കിയിരുന്നു. സുധീരന്റെ പ്രതികരണം അപ്രതീക്ഷിതമല്ലെങ്കിലും, ലീഗ്‌കൂടി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും മുന്നണിയിലെ പ്രായോഗികതാവാദികളും പ്രതിരോധത്തിലായി.
മദ്യനയത്തിലെ മാറ്റത്തോടു ശക്‌തമായി വിയോജിക്കുന്നതായി സുധീരന്‍ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. രണ്ടു വകുപ്പു സെക്രട്ടറിമാര്‍ രണ്ടുദിവസംകൊണ്ട് ആരുടെയോ തിരക്കഥപ്രകാരം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പേരിലാണ് ഇതൊക്കെ നടന്നതെന്നതു വിസ്‌മയകരമായിരിക്കുന്നു. 418 ബാറുകള്‍ പൂട്ടിയശേഷം സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ കണക്കിലെടുക്കാതെയും അതു വിലയിരുത്താന്‍ അനുയോജ്യരും പൊതുസ്വീകാര്യതയുമുള്ളതുമായ വിദഗ്‌ധരെ ഉള്‍പ്പെടുത്താതെയും ഏകപക്ഷീയമായി മെനഞ്ഞെടുത്ത റിപ്പോര്‍ട്ടിന് എന്തു വിശ്വാസ്യതയാണുള്ളതെന്നു സുധീരന്‍ ആരാഞ്ഞു.
മദ്യലഭ്യത, ഉപയോഗം, മദ്യാസക്‌തി ഇതൊക്കെ കുറച്ചുകൊണ്ടുവരുക എന്ന യു.ഡി.എഫിന്റെ പ്രഖ്യാപിതനയത്തിനു വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. പുതിയ തലമുറയെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വ്യാപകമായി ആരംഭിക്കുന്നതു കടുത്ത ദ്രോഹമാണ്. കോണ്‍ഗ്രസിന്റെ പ്രഖ്യാപിതനയമായ സമ്പൂര്‍ണമദ്യനിരോധനമെന്ന ലക്ഷ്യവുമായി കെ.പി.സി.സി. മുന്നോട്ടുപോകും.
ഓഗസ്‌റ്റ് 21-ലെ യു.ഡി.എഫ്. യോഗത്തില്‍ മുഖ്യമന്ത്രി മദ്യനയം അവതരിപ്പിച്ചപ്പോള്‍തന്നെ കെ.പി.സി.സി. അധ്യക്ഷനെന്ന നിലയില്‍ അഭിമാനപൂര്‍വം സ്വാഗതം ചെയ്‌തു. ആ നയം നടപ്പാക്കാന്‍ മന്ത്രിസഭ ഉത്സാഹപൂര്‍വം നടപടി സ്വീകരിച്ചുവരവേ, അതിന് ഉത്തേജനം നല്‍കാനും ജനപിന്തുണ വിപുലമാക്കാനുമാണു ജനപക്ഷയാത്ര തുടങ്ങിയത്. യാത്രയിലുടനീളം ആവേശകരമായ ജനപങ്കാളിത്തവും പിന്തുണയും പ്രകടമായി. മദ്യവും മയക്കുമരുന്നും നാടിനെ നശിപ്പിക്കുന്നതില്‍ ജനമാകെ ഉത്‌കണ്‌ഠപ്പെട്ടിരിക്കേയാണു സര്‍ക്കാര്‍ സമ്പൂര്‍ണമദ്യനിരോധനമെന്ന നയം നടപ്പാക്കിത്തുടങ്ങിയതും ജനപക്ഷയാത്ര വിജയകരമായി മുന്നോട്ടുനീങ്ങിയതും. ഈ ഘട്ടത്തില്‍ പ്രഖ്യാപിതനയത്തില്‍നിന്നു സര്‍ക്കാര്‍ വ്യതിചലിക്കുന്നതു ജനങ്ങളെ ഞെട്ടിച്ചു. അവര്‍ പാടേ നിരാശയിലാണ്.
വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില്‍പന ഗണ്യമായി കുറഞ്ഞതും ഗാര്‍ഹികപീഡനങ്ങളിലും വാഹനാപകടങ്ങളിലുമുണ്ടായ കുറവും തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബജീവിതത്തില്‍ സമാധാനാന്തരീക്ഷവും സാമ്പത്തികഭദ്രതയും കൈവന്നതും മദ്യപാനം മൂലമുണ്ടായ കുറ്റകൃത്യങ്ങളുടെ കുറവും പരിഗണിക്കാതെയാണു സര്‍ക്കാര്‍ മദ്യനയത്തില്‍നിന്നു പിന്നാക്കം പോയത്. മദ്യനയം മൂലം തൊഴില്‍ നഷ്‌ടപ്പെടുന്നവരെ പുനരധിവസിപ്പിക്കേണ്ടതു തികച്ചും ന്യായമാണ്. കെ.പി.സി.സിയും അതിനെ പിന്തുണയ്‌ക്കുന്നു. സര്‍ക്കാര്‍ ആത്മാര്‍ഥമായി വിചാരിച്ചാല്‍ അതിനു പോംവഴി കണ്ടെത്താനാകും. ഇതൊന്നുമാലോചിക്കാതെ, അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന സ്‌ഥിതിയിലേക്കു കാര്യങ്ങള്‍ എത്തിക്കാനുള്ള വ്യഗ്രതയാണിപ്പോള്‍. ബാറുകള്‍ തുറന്നുവച്ചാലേ വിദേശസഞ്ചാരികള്‍ കേരളത്തിലേക്കു വരുകയുള്ളൂ എന്നു പറയുന്നതു യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ല- സുധീരന്‍ ചൂണ്ടിക്കാട്ടി.








