തിരുവനന്തപുരം: സിനിമാരംഗത്തെ ഞാഞ്ഞൂലുകളുടെ സീല്‍ക്കാരത്തിനു പുല്ലുവിലയെന്ന് സംസ്‌ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഗ്രഹണത്തിന് ഞാഞ്ഞൂലുകളും തല പൊക്കും. അതിനെ വിലയ്‌ക്കെടുത്തിട്ടില്ല. ആരുമായും ശത്രുതയില്ലാതെ, എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. അതിനായി ശ്രമിക്കും. എന്നിട്ടും ഭീഷണിയുമായി നിന്നാല്‍ പുല്ലുവില പോലും നല്‍കില്ല. ഭീഷണിയുടെ സ്വരത്തിനു മുന്നില്‍ മുട്ടുമടക്കില്ല.
ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയതിനു പിന്നില്‍ ആരാണെന്ന് വ്യക്‌തമായറിയാം. അവരുടെ സ്വപ്‌നങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയതിനു പിന്നില്‍ ആരാണെന്ന് വ്യക്‌തമായറിയാം. അവരുടെ സ്വപ്‌നങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
സിനിമാ വ്യവസായം ആരുടെയും കുത്തകയല്ല. ഗ്രഹണസമയത്ത് നീര്‍ക്കോലികളും തലപൊക്കുമെന്ന് ഒരു ചൊല്ലുണ്ട്. മലയാളികളുടെ പൊതുസമ്പത്തും അനശ്വര കലാകാരന്മാരുമായ മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ സലിംകുമാറോ പറഞ്ഞിരുന്നെങ്കില്‍ അതിനു വലിയ വില കല്‍പ്പിച്ചേനെ. വെറും ചില ഞാഞ്ഞൂലുകളുടെ സീല്‍ക്കാരത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല.
ചെയര്‍മാനായിരുന്ന സാബു ചെറിയാനെ മാറ്റിയ രീതിയെയും മറ്റു ചില രാഷ്‌ട്രീയക്കാരെക്കൂടി നിയമിച്ച് കെ.എസ്.എഫ്.ഡി.സിയെ രാഷ്‌ട്രീയവത്‌കരിക്കാന്‍ ശ്രമിക്കുന്നതിനെയുമാണ് എതിര്‍ക്കുന്നതെന്നും അല്ലാതെ തന്റെ നിയമനത്തെയല്ലെന്നും ഷാജി കൈലാസ് നേരിട്ടു പറഞ്ഞിരുന്നു. സിനിമയില്‍ രാഷ്‌ട്രീയം വന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്‌ട്രീയവും നിക്ഷിപ്‌ത താല്‍പര്യങ്ങളുമുണ്ട്. അത് ഇനി സംരക്ഷിക്കാനാകില്ലെന്നതാണ് ഈ രാജികള്‍ക്കു പിന്നില്‍. ഈ വിവാദത്തിന് പിന്നില്‍ അമ്മയല്ല, അമ്മയുടെ പേരില്‍ ചിലര്‍ നടത്തുന്ന മുതലെടുപ്പ് മാത്രമാണിത്.
ഇതിനൊക്കെ പിന്നില്‍ ആരാണെന്നും എന്താണ് ലക്ഷ്യമെന്നും നന്നായി അറിയാം. അത് നടക്കാന്‍ പോകുന്നില്ല. സാബു ചെറിയാനെ നിയമിച്ച അതേ സര്‍ക്കാരാണ് തന്നെയും നിയമിച്ചത്. അതു ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ഇപ്പോള്‍ ബോര്‍ഡിലുള്ളവര്‍ ഗണേഷ് കുമാര്‍ നിയമിച്ചവരാണെങ്കിലും തിരുവഞ്ചൂര്‍ അവരെ വീണ്ടും നാമനിര്‍ദേശം ചെയ്യുകയായിരുന്നു. അതുകൊണ്ട് ഇപ്പോഴുള്ളവരാരും ഗണേഷ് കുമാറിന്റെ ഔദാര്യത്തില്‍ വന്നവരല്ല. അതിനാല്‍ സലിംകുമാര്‍ രാജിവയ്‌ക്കുകയുമില്ല.
കുത്തകകള്‍ സിനിമാ വ്യവസായം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനെ (കെ.എസ്.എഫ്.ഡി.സി.)കച്ചവടസ്‌ഥാപനമാക്കി മാറ്റുന്നതിനോട് യോജിക്കാനാകില്ല. രൂപീകരണസമയത്തെ ഉദ്ദേശലക്ഷ്യത്തില്‍ നിന്ന് ഈ സ്‌ഥാപനം പൂര്‍ണമായും വ്യതിചലിച്ചിരിക്കുന്നു. ഇതൊരു ബിഗ് മണി ബിസിനസാണ്. അതുകൊണ്ട് മറ്റു വ്യവ്യസായങ്ങളില്‍ നിന്നു വ്യത്യസ്‌തമായ ഒരു സൂത്രവാക്യം കണ്ടെത്താന്‍ കലാകാരനും തയാറാകണം.
സംസ്‌ഥാന സര്‍ക്കാരില്‍ നിന്നുള്ള സഹായം കുറവാണെന്നതിനു പുറമേ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചെന്നു പറയുന്നതുപോലെ ബജറ്റിലൂടെ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ സിനിമകളില്‍ ഒന്നിനുപോലും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാനായിട്ടില്ല. അങ്ങനെ പകച്ചുനില്‍ക്കുമ്പോഴാണ് 14 ശതമാനം സേവന നികുതിക്കു പുറമേ വിതരണം, ഓഡിയോ, വിഡിയോ അവകാശം എന്നിവയ്‌ക്ക് മുകളില്‍ അഞ്ചു ശതമാനം വാറ്റ് ചുമത്തിയത്. ഇതുമായി ബന്ധപ്പെട്ട് എല്ലാവരുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. വാറ്റ് കുറയ്‌ക്കാമെന്ന് ഉറപ്പു കിട്ടിയിട്ടുമുണ്ട്. എന്നാല്‍ അത് പൂര്‍ണമായി പിന്‍വലിക്കുന്നതുവരെ വിശ്രമമമുണ്ടാകില്ല.
വ്യവസായത്തെ ഭാവനയ്‌ക്കനുസരിച്ച് വളര്‍ത്തി വലുതാക്കാന്‍ ചെറുതും വലുതുമായ കലാകാരന്മാരുടെയും കലസ്‌നേഹികളുടെയും സഹകരണം നേടിയെടുക്കാന്‍ അവസാന ശ്വാസം വരെ പോരാടും. സ്‌നേഹം കൊണ്ട് എല്ലാവരെയും കീഴടക്കും. സഹകരിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ സഹകരിക്കുന്നവരുമായി മുന്നോട്ടുപോകും. സ്‌നേഹം കൊണ്ട് എന്നെ ആര്‍ക്കും കീഴ്‌പ്പെടുത്താം. ഭീഷണിയുമായി വന്നാല്‍ തൃണത്തിന്റെ വിലപോലും കൊടുക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.








