ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തരംതാഴ്ത്തപ്പെട്ട യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പുതിയ സംഘടന രൂപീകരിച്ചു. 'സ്വരാജ് അഭിയാൻ' എന്നാണ് പുതിയ സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്. കർഷകരുടെയും സ്ത്രീകളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി സ്വരാജ് അഭിയാൻ പ്രക്ഷോഭങ്ങളും റാലികളും സംഘടിപ്പിക്കുമെന്ന് ചൊവ്വാഴ്ച തലസ്ഥാനത്ത് ചേർന്ന വിമത നേതാക്കളുടെ യോഗം പ്രമേയം അവതരിപ്പിച്ചു. 'സ്വരാജ് സംവാദ്' എന്ന പേരിൽ വിമത നേതാക്കൾ നടത്തിയ യോഗത്തിന് ആംആദ്മിയുടെ വിലക്കുണ്ടായിരുന്നു. വൈകുന്നേരം വരെ നീണ്ട യോഗത്തിനു ശേഷമാണ് ഭൂഷണും യാദവും പുതിയ സംഘടനയുടെ പ്രഖ്യാപനം നടത്തിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ദേശീയ എക്സിക്യൂട്ടീവിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ഇരുവരും പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, പുതിയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും യോഗം ചേരുമ്പോൾ തീരുമാനിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഈ കാലയളവിൽ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനാണ് യോഗം തീരുമാനിച്ചിട്ടുള്ളത്.
അതേസമയം, ബുധനാഴ്ച ചേരുന്ന ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യാദവിനെയും ഭൂഷനെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയേക്കുമെന്നാണ് സൂചന. പാർട്ടി വിലക്ക് ലംഘിച്ച് യോഗം സംഘടിപ്പിച്ചതിന്റെ പേരിൽ ഇരുവർക്കുമെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ആം ആദ്മി നേതാക്കൾ അറിയിച്ചു. യോഗത്തിൽ സംബന്ധിച്ച് മറ്റു ഭാരവാഹികൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് അറിയുന്നു.