കോഴിക്കോട്; മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിനെതിരെ കള്ളക്കേസെടുക്കാന്‍ വ്യാജ മുറിവ് സര്‍ട്ടിഫിക്കറ്റ് ചമച്ച ഡോക്ടര്‍ അറസ്റ്റില്‍. ചെറുവണ്ണൂര്‍ കോയാസ് ആശുപത്രി എംഡിയും മെഡിക്കല്‍ ഓഫീസറുമായ ഡോ. എം എ കോയ (70) ആണ് അറസ്റ്റിലായത്. നല്ലളം എസ്ഐ പി കെ ചാത്തുനായര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഡോക്ടറെ അറസ്റ്റ്ചെയ്തത്. വ്യാജരേഖ ചമച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 195, 197, 468 വകുപ്പുകള്‍ പ്രകാരമാണ് ഡോക്ടര്‍ക്കെതിരെ കേസ്.
ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി അഞ്ചില്‍ ഹാജരാക്കിയ ഡോ. കോയയെ 28 വരെ റിമാന്‍ഡ് ചെയ്തു.മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്യൂണ്‍ മുഹമ്മദ് അഷ്റഫിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചുവെന്നാരോപിച്ചാണ് കള്ളക്കേസെടുത്ത് അനീഷിനെ സ്കൂളില്‍നിന്ന് പുറത്താക്കിയത്. ജോലി നഷ്ടമായ നിരാശയിലും മാനേജരുടെ പീഡനത്തിലും മനംനൊന്ത്അനീഷ് ആത്മഹത്യചെയ്യുകയായിരുന്നു. പ്യൂണിനെ മര്‍ദിച്ചെന്നാരോപിച്ച് അനീഷിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നുകാട്ടി അനീഷിന്റെ അച്ഛന്‍ എടച്ചേരി കുന്നുമ്മല്‍ കുമാരന്‍ നല്ലളം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മുഹമ്മദ് അഷ്റഫിനെ അനീഷ് ബെഞ്ചിന്റെ കാലുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചെന്നും നെറുകില്‍ ആഴത്തിലുള്ള മുറിവും തലയോടിന് നീളത്തില്‍ പൊട്ടലുമുണ്ടായെന്നുമാണ് ഡോക്ടര്‍ കോയ നല്‍കിയ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയത്. ഈ വ്യാജതെളിവുപയോഗിച്ചാണ് അനീഷിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്.പ്യൂണ്‍ അഷ്റഫിന് തലയ്ക്ക് മാരക മുറിവേറ്റതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിട്ടില്ല. ബീച്ച് ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലും മുറിവ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. മരിച്ച അനീഷും അഷ്റഫുമായി തര്‍ക്കമുണ്ടായതായി സാക്ഷിമൊഴികളുമില്ല. ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് കള്ളമാണെന്ന് മനുഷ്യാവകാശ കമീഷനും കണ്ടെത്തിയിരുന്നു. തെളിവുകള്‍ നിരത്തിയുള്ള അന്വേഷണത്തിനൊടുവിലാണ് ഡോക്ടര്‍ കൃത്യവിലോപം ചെയ്തതായി കണ്ടെത്തിയത്. സിറ്റി പൊലീസ് കമീഷണര്‍ പി എ വത്സന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. എന്നാല്‍ പ്യൂണിനെ താന്‍ ചികിത്സിച്ചിരുന്നുവെന്നും മുറിവ്സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയാണെന്നുമുള്ള നിലപാടാണ് ചോദ്യംചെയ്യലില്‍ ഡോ. കോയ സ്വീകരിച്ചത്.








