തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളില്‍ ചുവന്ന ലൈറ്റും പോലീസ്
വാഹനങ്ങളില്‍ നീല ലൈറ്റും വച്ച് ചീറിപ്പായുന്നവര്‍ക്ക് സര്‍ക്കാര്‍
നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സര്‍ക്കാര്‍ ചീഫ് വിപ്പും മേയര്‍മാരും
ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ക്കാണ് ഇനി ഔദ്യോഗിക വാഹനങ്ങളില്‍ ബീക്കണ്‍
ലൈറ്റ് വയ്ക്കുന്നതിന് വിലക്ക്. ഡി.ജി.പി. മുതല്‍ താഴെയുള്ള പോലീസ്
ഉദ്യോഗസ്ഥര്‍ക്കും നീല ലൈറ്റുകള്‍ ഇനി ഉപയോഗിക്കാനാവില്ല.
എസ്‌കോര്‍ട്ടും പൈലറ്റുമായി പോകുന്ന പോലീസ് വാഹനങ്ങള്‍ക്ക് മാത്രമേ നീല
ലൈറ്റ് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച ഗതാഗത
വകുപ്പ് പുറത്തിറക്കി.
ജില്ലാ ജഡ്ജി, കളക്ടര്‍, ലോകായുക്ത
എന്നിവരും ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ
പട്ടികയില്‍ ഇടം നേടാതെ പുറത്തായി. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്റെ
വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് വയ്ക്കാന്‍ അനുവാദം നല്‍കിയത് നേരത്തെ
വിവാദമായിരുന്നു. 2012 നവംബറില്‍ ഇറങ്ങിയ ഈ ഉത്തരവ് റദ്ദാക്കിയാണ് പുതിയ
ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്.
അനര്‍ഹര്‍ ബീക്കണ്‍ ലൈറ്റുകള്‍
ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച
പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നുള്ള വിധിയിലാണ് ബീക്കണ്‍ ലൈറ്റുകള്‍ക്ക്
നിയന്ത്രണം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രിസഭായോഗത്തിലാണ്
ആര്‍ക്കെല്ലാം ബീക്കണ്‍ ലൈറ്റുകള്‍ വയ്ക്കാമെന്ന് തീരുമാനമെടുത്തത്.
ഷെഡ്യൂള്‍
ഒന്ന് പ്രകാരം ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്,
സ്പീക്കര്‍, പ്രതിപക്ഷനേതാവ്, മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ്
ഉപാധ്യക്ഷന്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുടെ വാഹനങ്ങളില്‍ കറങ്ങുന്ന
ചുവന്ന ലൈറ്റുകള്‍ ഉപയോഗിക്കാം.
ഷെഡ്യൂള്‍ രണ്ടില്‍ ഡെപ്യൂട്ടി
സ്പീക്കര്‍, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, തിരഞ്ഞെടുപ്പ്
കമ്മീഷണര്‍, പി.എസ്.സി. ചെയര്‍മാന്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍,
പട്ടികജാതി വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് കറങ്ങാത്ത ചുവന്ന
ലൈറ്റും ഉപയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
പി.എസ്.സി.
അംഗങ്ങള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലോ
സെക്രട്ടറി, വൈസ് ചാന്‍സലര്‍മാര്‍ എന്നിവരുടെ വാഹനങ്ങളില്‍
ഘടിപ്പിച്ചിരുന്ന നീല ലൈറ്റുകള്‍ ഉടന്‍ ഒഴിവാക്കേണ്ടി വരും.
പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍, അക്കൗണ്ടന്റ് ജനറല്‍, ആര്‍.ഡി.ഒ.
എന്നിവര്‍ക്കും ലൈറ്റുകള്‍ നഷ്ടമാകും.
ഹൈക്കോടതി ജഡ്ജിയുടെ
പദവിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കും ക്യാബിനറ്റ് പദവിയുള്ളവര്‍ക്കും
ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്ന അനുവാദം പുതിയ
ഉത്തരവിലൂടെ നഷ്ടമാകും. ആംബുലന്‍സ്, അഗ്നിശമനസേനാ വാഹനങ്ങള്‍,
അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട മറ്റുവാഹനങ്ങള്‍ എന്നിവയില്‍ ചുവപ്പ്,
നീല, വെള്ള എന്നീ ലൈറ്റുകള്‍ ഉപയോഗിക്കാം. അതിഥികള്‍ ഇല്ലാത്തപ്പോള്‍
ലൈറ്റുകള്‍ തെളിക്കരുതെന്നും ലൈറ്റ് കറുത്ത കവര്‍ കൊണ്ട് മൂടി ഇടണമെന്നും
ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ ഇത് പാലിക്കുന്നുണ്ടോയെന്ന്
ഉറപ്പ് വരുത്തേണ്ടത് ഗതാഗത വകുപ്പാണ്.