Home » » വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സഹായിക്കാനല്ല മുല്ലപ്പള്ളിക്കെതിരായാണു മല്‍സരിക്കുന്നത്‌ കെ.കെ. രമ.

വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സഹായിക്കാനല്ല മുല്ലപ്പള്ളിക്കെതിരായാണു മല്‍സരിക്കുന്നത്‌ കെ.കെ. രമ.

Written By Unknown on Friday, 21 March 2014 | 19:49

കോഴിക്കോട്‌ * പാര്‍ട്ടിയുടെയും വിഎസിന്റെയും സ്വരം ഒന്നായെന്നും നിലപാടുമാറ്റം വിഎസിനു തിരിച്ചടിയാകുമെന്നും ടി. പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ.
സത്യത്തിനും നീതിക്കുംവേണ്ടിയുള്ള വേറിട്ട ശബ്‌ദമാണു സിപിഎമ്മില്‍ ഇതുവരെ വിഎസ്‌ ഉയര്‍ത്തിയത്‌. അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തെയാണു ഞങ്ങള്‍ പിന്തുടരുന്നത്‌. കേരള രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തിനു വില നല്‍കിയത്‌ ആ നിലപാടുകളാണ്‌. അതില്‍നിന്നു പിന്നാക്കം പോയാല്‍ തിരിച്ചടിയാകുമെന്നു വിഎസ്‌ മനസ്സിലാക്കണം. ജനം വിഎസിനെ തള്ളാന്‍ പാടില്ലെന്നതുകൊണ്ടാണ്‌ ഇതു പറയുന്നതെന്നും രമ ചൂണ്ടിക്കാട്ടി. വിഎസിന്റെ രാഷ്‌ട്രീയ നിലപാടുകളെ ഉയര്‍ത്തിപ്പിടിച്ചാണു ഞങ്ങള്‍ സമരം നടത്തിയതും ആര്‍എംപി രൂപീകരിച്ചതും. വിഎസ്‌ പിന്നാക്കംപോയാലും ആര്‍എംപി നിലപാടു മാറ്റില്ല. ആര്‍എംപിക്കു വിഎസിന്റെ പൂര്‍ണപിന്തുണ ഉണ്ടായിരുന്നു. ഇനിയും അതുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇനി എല്ലാം വിഎസ്‌ തീരുമാനിക്കട്ടെയെന്നും രമ പറഞ്ഞു.

ഏതെങ്കിലും സ്‌ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചാണു വിഎസ്‌ നിലപാടു മാറ്റിയതെന്ന്‌ ആര്‍എംപി പറയുകയില്ല. അതൊക്കെ ജനം തീരുമാനിക്കട്ടെ. വിഎസിനെ സ്വന്തം പിതാവിനെപ്പോലെയാണു സ്‌നേഹിച്ചത്‌. ടിപിയുടെ മരണസമയത്തു വിഎസ്‌ കൂടെ നിന്നപ്പോള്‍ വല്ലാതെ ആശ്വസിച്ചിരുന്നു. ഈ നിമിഷംപോലും വിഎസിനെ തള്ളിപ്പറയാനില്ല; വിഎസ്‌ നല്‍കിയ പിന്തുണ വിലകുറച്ചു കാണുന്നുമില്ല. അന്നും ഇന്നും ബഹുമാനത്തോടെയാണു വിഎസിനെ താന്‍ കാണുന്നതെന്നും രമ പറഞ്ഞു.

ആര്‍എംപി വലതുപക്ഷത്തിന്റെ വാലായി എന്നതു വിഎസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു പറയിച്ചതാണ്‌. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ വാക്കുകള്‍ കേട്ടു താന്‍ പ്രവര്‍ത്തിച്ചു എന്ന പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചു. ഞങ്ങള്‍ യുഡിഎഫിന്‌ എതിരാണ്‌. വിഎസ്‌ സിപിഎമ്മിനുള്ളില്‍ ചെയ്‌തതാണു ഞങ്ങള്‍ പുറത്തു ചെയ്യുന്നതെന്ന്‌ അദ്ദേഹത്തിനറിയാം. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സഹായിക്കാനല്ല ആര്‍എംപി മല്‍സരിക്കുന്നതെന്നും മുല്ലപ്പള്ളിക്കെതിരായാണു മല്‍സരിക്കുന്നതെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി രമ പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.