പാനൂര്‍: സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാടോടി ബാലന് ഗുരുതരമായി
പരിക്കേറ്റു. പാനൂര്‍ ടൗണിന് പിറകുവശത്തെ അയ്യപ്പക്ഷേത്ര പരിസരത്ത്
തമ്പടിച്ച കുടുംബത്തിലെ അംഗമായ ഭോപാല്‍ സ്വദേശി അഭിഷേക് ബോറനാണ് (ഏഴ്)
പരിക്കേറ്റത്. വലത് കൈപ്പത്തി ചിതറുകയും ഇരുകണ്ണുകള്‍ക്കും സാരമായി
പരിക്കേല്‍ക്കുകയും ചെയ്ത ബാലനെ കോഴിക്കോട് മെഡിക്കല്‍കോളജ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പഴയ
ഇരുമ്പുപയോഗിച്ച് പണിയായുധം നിര്‍മിക്കുന്ന ഭോപാല്‍ സംഘം കഴിഞ്ഞ
ഒരാഴ്ചയായി ഇവിടെ ഉണ്ടായിരുന്നു. മുതിര്‍ന്നവര്‍ മാര്‍ക്കറ്റിലേക്ക് പോയ
സമയത്ത് സമീപത്തുനിന്ന് ലഭിച്ച വസ്തു പണിയായുധം നിര്‍മിക്കുന്ന ഉലയില്‍
ഇട്ടപ്പോഴാണ് വന്‍ ശബ്ദത്തോടെ സ്ഫോടനം നടന്നത്. ഒരു വര്‍ഷം മുമ്പ്
പാനൂരിനടുത്ത വള്ളങ്ങാട്ട് സ്ഫോടനത്തില്‍ പരിക്കേറ്റ നാടോടി ബാലന്‍
മരിച്ചിരുന്നു.
ഇവിടെ നിന്ന് നാല് കിലോമീറ്റര്‍ അകലെ കല്ലിക്കണ്ടിയില്‍ വെച്ചാണ് 1998ല്‍
പഴയ വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ്
അമാവാസിയെന്ന നാടോടി ബാലന്‍െറ കണ്ണ് നഷ്ടപ്പെട്ടത്. ഇപ്പോള്‍
പൂര്‍ണചന്ദ്രന്‍ എന്ന പേരിലറിയപ്പെടുന്ന അമാവാസി ഇന്നലെ പാനൂര്‍ കടവത്തൂര്‍
വൊക്കേഷനല്‍ സ്കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയിരുന്നു. ഈ
സമയത്താണ് വിധിവൈപരീത്യമെന്നോണം അഭിഷേക് ബോറന് സ്ഫോടനത്തില്‍
പരിക്കേറ്റത്.