Home » » മറിഞ്ഞ പാചകവാതക ടാങ്കറിലെ മുപ്പത്‌ ശതമാനം ഇന്ധനം മറ്റൊരു ടാങ്കറിലേക്ക്‌ നീക്കി.

മറിഞ്ഞ പാചകവാതക ടാങ്കറിലെ മുപ്പത്‌ ശതമാനം ഇന്ധനം മറ്റൊരു ടാങ്കറിലേക്ക്‌ നീക്കി.

Written By Unknown on Saturday, 29 March 2014 | 20:52

കോഴിക്കോട്‌* വെസ്‌റ്റ്‌ ഹില്ലില്‍ ഇന്നലെ മറിഞ്ഞ പാചകവാതക ടാങ്കറിലെ മുപ്പത്‌ ശതമാനം ഇന്ധനം മറ്റൊരു ടാങ്കറിലേക്ക്‌ നീക്കി. ടാങ്കര്‍ ഉയര്‍ത്തിവച്ച്‌ ബാക്കിയുള്ള ഇന്ധനം മാറ്റാനാണ്‌ ഇപ്പോഴത്തെ ശ്രമം. ഇതോടെ ടാങ്കര്‍ പൊട്ടിത്തെറിക്കുമെന്ന ആശങ്ക ഒഴിവായി. അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ വാതക ചോര്‍ച്ച അടക്കാനായത്‌. മൂന്നു ടാങ്കറുകളിലേക്കായി വാതകം മാറ്റുന്നതിനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. അതേസമയം, അശ്രദ്ധമായി വണ്ടി ഓടിച്ചതിന്‌ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. കുത്തനെയുള്ള വളവില്‍ അശ്രദ്ധമായി വാഹനം ഓടിച്ചതിന്‌ മോട്ടോര്‍ വാഹനവകുപ്പാണ്‌ കേസെടുത്തിരിക്കുന്നത്‌.
നഗരത്തെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പാചക വാതക ടാങ്കര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. വെസ്‌റ്റ്‌ഹില്ലില്‍ അമിത വേഗത്തില്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കര്‍, ഗുഡ്‌സ്‌ ഓട്ടോറിക്ഷയുടെ മുകളിലേക്കു മറിഞ്ഞ്‌ ഓട്ടോയില്‍ നിന്ന്‌ സാധനമിറക്കുകയായിരുന്ന ഡ്രൈവര്‍ കുണ്ടൂപ്പറമ്പ്‌ മൊകവൂര്‍ ഇടുവനിലം രവിദാസ്‌(52) ആണു തല്‍ക്ഷണം മരിച്ചത്‌.

മംഗലാപുരത്തു നിന്നു കോയമ്പത്തൂരിലേക്കു കൊണ്ടുപോകുകയായിരുന്ന 18 ടണ്‍ പാചക വാതകമാണ്‌ ഇന്‍ഡെയ്‌ന്‍ കമ്പനിയുടെ ടാങ്കറിലുണ്ടായിരുന്നത്‌. മറിഞ്ഞ ഉടന്‍ വാല്‍വ്‌ പൊട്ടി നേരിയ അളവില്‍ വാതകം ചോര്‍ന്നു തുടങ്ങിയിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടെക്‌നിക്കല്‍ വിഭാഗം മേധാവി സൗന്ദരരാജനും ഡപ്യൂട്ടി മാനേജര്‍ ലക്ഷ്‌മിപതിയും ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ആദ്യം വിജയിച്ചില്ല. ആറേമുക്കാലോടെ ടാങ്കറില്‍ നിന്നു ഡ്രൈവറുടെ ക്യാബിന്‍ ക്രെയിന്‍ ഉപയോഗിച്ച്‌ വേര്‍പെടുത്തി. തുടര്‍ന്നു നാലു ക്രെയിനുകള്‍ കൊണ്ട്‌ ക്യാപ്‌സ്യൂള്‍ ടാങ്കര്‍ ഉയര്‍ത്തി നിര്‍ത്തിയ ശേഷമാണ്‌ ചോര്‍ച്ച ഭാഗികമായി അടച്ചത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.