തിരുവനന്തപുരം: ആം ആദ്മി സംസ്ഥാന
നേതൃത്വത്തിന് ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.സി വേണുഗോപാല്‍ പണം
വാഗ്ദാനം ചെയ്തതായി ആരോപണം. ആലപ്പുഴയില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി
പരിഗണിച്ചിരുന്ന സാമൂഹ്യപ്രവര്‍ത്തക അശ്വതി നായരാണ് ഇക്കാര്യം
വെളിപ്പെടുത്തിയത്. ഇടനിലക്കാരന്‍ വഴിയാണ് കെ സി വേണുഗോപാല്‍ ആം ആദ്മി
നേതൃത്വത്തെ സമീപിച്ചതെന്നും അശ്വതി നായര്‍ പറഞ്ഞു. പീപ്പിള്‍ ടി.വിക്ക്
നല്‍കിയ അഭിമുഖത്തിലാണ് അശ്വതിയുടെ വെളിപ്പെടുത്തല്‍.
ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായി
തീരുമാനിച്ചിരുന്ന തന്നെ പിന്നീട് കൊല്ലത്തേക്ക് മാറാന്‍ ആം ആദ്മി സംസ്ഥാന
ഘടകം ആവശ്യപ്പെട്ടുവെന്നാരോപിച്ചു അശ്വതി നായര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍
നിന്നും പിന്മാറിയിരുന്നു. ആലപ്പുഴയില്‍ നിന്നും പിന്മാറാന്‍ ആം ആദ്മി
സംസ്ഥാന നേതൃത്വം വന്‍തുക വാഗ്ദാനം ചെയ്തതായും അശ്വതി ആരോപിച്ചിരുന്നു.
എന്നാല്‍ അശ്വതിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്ന്‍ ആം
ആദ്മി നേതാവ് പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.
അതേസമയം അശ്വതി നായര്‍ സി.പി.എമ്മിന് വേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ ആരോപിച്ചു.