Home » » ഫയാസിനു വേണ്ടി കെട്ടിടം ഇടിച്ചുനിരത്തി ബാഡ്‌മിന്റന്‍ കോര്‍ട്ട്‌ പണിത സംഭവത്തില്‍ ജയിലര്‍ രമേശ്‌ കുമാറിനെ ചുമതലയില്‍ നിന്ന്‌ ഒഴിവാക്കി.

ഫയാസിനു വേണ്ടി കെട്ടിടം ഇടിച്ചുനിരത്തി ബാഡ്‌മിന്റന്‍ കോര്‍ട്ട്‌ പണിത സംഭവത്തില്‍ ജയിലര്‍ രമേശ്‌ കുമാറിനെ ചുമതലയില്‍ നിന്ന്‌ ഒഴിവാക്കി.

Written By Unknown on Monday, 24 March 2014 | 19:33

തിരുവനന്തപുരം * സ്വര്‍ണക്കടത്തുകാരന്‍ ഫയാസിനു വേണ്ടി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഏഴാം ബ്ലോക്കിലെ അടുക്കള കെട്ടിടം ഇടിച്ചുനിരത്തി ബാഡ്‌മിന്റന്‍ കോര്‍ട്ട്‌ പണിത സംഭവത്തില്‍ ജയിലര്‍ രമേശ്‌ കുമാറിനെ കോഫെപോസ തടവുകാരുടെ ചുമതലയില്‍ നിന്ന്‌ ഒഴിവാക്കി.

പകരം സീനിയര്‍ ജയിലര്‍ നിര്‍മലാനന്ദന്‍ നായര്‍ക്കു ചുമതല നല്‍കി. കെട്ടിടം ഇടിക്കാനും കോര്‍ട്ട്‌ വെട്ടാനും കൂട്ടുനിന്ന അസിസ്‌റ്റന്റ്‌ ജയിലറെ ജയിലിനുള്ളിലെ ജോലിയില്‍ നിന്ന്‌ ഒഴിവാക്കി. സംഭവത്തെക്കുറിച്ചു ജയില്‍ സൂപ്രണ്ട്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ജയില്‍ ഡിജിപി: ടി.പി. സെന്‍കുമാറാണു നടപടിയെടുത്തത്‌. ഫയാസുമായി ബന്ധപ്പെട്ട്‌ ഇത്തരം ആരോപണം ഉയരാന്‍ സാഹചര്യമുണ്ടാക്കിയതിനാണു നടപടിയെന്നു സെന്‍കുമാര്‍ പറഞ്ഞു. ആര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണമോ മറ്റു നടപടിയോ ഇല്ല.

രാജ്യാന്തര തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട ഫയാസിനു വേണ്ടി ജയിലില്‍ ഷട്ടില്‍ കോര്‍ട്ട്‌ നിര്‍മിച്ച സംഭവം വിവാദമായതോടെ ഷട്ടില്‍ കോര്‍ട്ട്‌ കിളച്ചുമറിച്ചു പച്ചക്കറിവിത്ത്‌ പാകി. ജയില്‍ മേധാവിയെ പോലും കാര്യങ്ങള്‍ അറിയിക്കാതെയായിരുന്നു പൂജപ്പുര ജയില്‍ ഉദ്യോഗസ്‌ഥരുടെ ഈ വഴിവിട്ട ഇടപാട്‌. കോഫെപോസ തടവുകാര്‍ക്കു സന്ദര്‍ശകര്‍ വരുമ്പോള്‍ ജയിലറുടെ സാന്നിധ്യത്തില്‍ മാത്രമേ കാണാന്‍ കഴിയൂ. ഈ അടുപ്പമാണു ഷട്ടില്‍ കോര്‍ട്ട്‌ നിര്‍മാണം വരെ കാര്യങ്ങള്‍ എത്തിച്ചതെന്നാണ്‌ ഉന്നത ഉദ്യോഗസ്‌ഥരുടെ നിഗമനം.അതിനാലാണു ചുമതല മറ്റൊരു ഉദ്യോഗസ്‌ഥനു നല്‍കി ഡിജിപി ഉത്തരവിട്ടത്‌.

കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്ന തൊണ്ടന്റവിട ഫയാസ്‌ ഉള്‍പ്പെടെയുള്ള പ്രതികള്‍ കിടക്കുന്ന സെന്‍ട്രല്‍ ജയിലിലെ ഏഴാം ബ്ലോക്കിനു സമീപത്തെ അടുക്കളക്കെട്ടിടമാണു ജയില്‍ അധികൃതര്‍ ഇടിച്ചുനിരത്തിയത്‌. ഫയാസ്‌ അടക്കം നാലു കോഫെപോസ പ്രതികള്‍ ഈ ബ്ലോക്കിലുണ്ട്‌. ഇവര്‍ക്കു രാവിലെയും വൈകിട്ടും ഷട്ടില്‍ കളിക്കാന്‍ കോര്‍ട്ട്‌ നിര്‍മിക്കുന്നതിനാണു ജയില്‍ മേധാവിയുടെയോ സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ കെട്ടിടം പൊളിച്ചത്‌. തുടര്‍ന്നു ഷട്ടില്‍ കോര്‍ട്ടും തയാറാക്കി. സെന്‍ട്രല്‍ ജയിലിലെ ഒരു ജയിലറുടെ വാക്കാല്‍ ഉത്തരവുപ്രകാരം തടവുകാരെക്കൊണ്ടാണ്‌ ഉദ്യോഗസ്‌ഥര്‍ ഇതെല്ലാം ചെയ്യിച്ചത്‌.

എന്നാല്‍ കെട്ടിടം ഉത്തരവില്ലാതെ പൊളിച്ചതും ഷട്ടില്‍ കോര്‍ട്ട്‌ ഉണ്ടാക്കിയതും ശരിയായ നടപടിയല്ലെന്നും അവിടെ കോര്‍ട്ട്‌ പാടില്ലെന്നും ഈ ബ്ലോക്കിന്റെ ചുമതലയുള്ള അസിസ്‌റ്റന്റ്‌ ജയിലര്‍ മേലുദ്യോഗസ്‌ഥരോടു പറഞ്ഞു. അവര്‍ അതു ചെവിക്കൊണ്ടില്ല. തുടര്‍ന്നു ജയില്‍ റജിസ്‌റ്ററില്‍ തന്റെ അഭിപ്രായം അസിസ്‌റ്റന്റ്‌ ജയിലര്‍ രേഖപ്പെടുത്തി. ഇതോടെ കോര്‍ട്ട്‌ ഉഴുതുമറിച്ചു പച്ചക്കറി വിത്ത്‌ പാകാന്‍ ജയില്‍ സൂപ്രണ്ട്‌ അടിയന്തര ഉത്തരവിട്ടു. എന്നാല്‍ ഇക്കാര്യമെല്ലാം അന്വേഷണ ഉദ്യോഗസ്‌ഥനായ ജയില്‍ സൂപ്രണ്ട്‌ സാം തങ്കയ്യന്‍ ജയില്‍ ഡിഐജിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ മുക്കി.

ആരോപണവിധേയനായ ഒരു ഉദ്യോഗസ്‌ഥനാണു സൂപ്രണ്ടിനു വേണ്ടി അന്വേഷണ റിപ്പോര്‍ട്ട്‌ തയാറാക്കിയതും.നെടുമ്പാശേരി വിമാനത്താവളം വഴി 20 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലാണു ഫയാസ്‌ പിടിയിലായത്‌. കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ ഫയാസ്‌ ഉള്‍പ്പെടെയുള്ളവര്‍ നാലു തവണയായി 60 കിലോഗ്രാം സ്വര്‍ണം കടത്തിയെന്നാണു സിബിഐ കണ്ടെത്തല്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കോഴിക്കോട്‌ ജില്ലാ ജയിലില്‍ അറബിവേഷത്തിലെത്തി ഫയാസ്‌ സന്ദര്‍ശിച്ചത്‌ ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.