Home » » 131 വര്‍ഷം അക്ഷരം പകര്‍ന്നു നല്‍കിയ വിദ്യാലയമാണു ഒറ്റ രാത്രി കൊണ്‌ട്‌ തകര്‍ക്കപ്പെട്ടത് .

131 വര്‍ഷം അക്ഷരം പകര്‍ന്നു നല്‍കിയ വിദ്യാലയമാണു ഒറ്റ രാത്രി കൊണ്‌ട്‌ തകര്‍ക്കപ്പെട്ടത് .

Written By Unknown on Friday, 11 April 2014 | 19:26

കോഴിക്കോട്‌: നഗരത്തിലെ ആയിരങ്ങള്‍ക്കു 131 വര്‍ഷം അക്ഷരം പകര്‍ന്നു നല്‍കിയ വിദ്യാലയമാണു ഒറ്റ രാത്രി കൊണ്‌ട്‌ തകര്‍ക്കപ്പെട്ട മലാപറമ്പ്‌ എയുപി സ്‌കൂള്‍. രാമനാട്ടുകര-മലാപറമ്പ്‌ ബൈപാസ്‌ നിര്‍മാണത്തോടെയാണു സ്‌കൂളിന്റെ ശനിദശ തുടങ്ങിയത്‌. നഷ്ടക്കണക്കു നിരത്തി സ്‌കൂള്‍ പൊളിച്ചു നീക്കാന്‍ രണ്‌ടു വര്‍ഷം മുമ്പേ മാനേജ്‌മെന്റ്‌ രഹസ്യ നീക്കം തുടങ്ങിയിരുന്നു.

റിയല്‍എസ്റ്റേറ്റ്‌ വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന മലാപറമ്പ്‌ ജംഗ്‌ഷനിലെ സ്‌കൂള്‍ പൊളിച്ചു ഫ്‌ളാറ്റോ ഷോപ്പിംഗ്‌ കോംപ്ലക്‌സോ നിര്‍മിക്കാനായിരുന്നു പദ്ധതി.

സമീപത്തെ എഡബ്യു എച്ച്‌ ഫ്രീ ബേര്‍ഡ്‌സ്‌ ഹോസ്‌റ്റലില്‍ നിന്നുള്ളവരും നിര്‍ധന കുടുംബത്തില്‍ പെട്ടവരുമായ വിദ്യാര്‍ഥികളായിരുന്നു സ്‌കൂളില്‍ പഠിക്കുന്നവരില്‍ ഏറെയും. ഓട്ടിസം, എം ആര്‍, ഐ ഇ ഡി വിഭാഗത്തില്‍ പെട്ട നിരവധി വിദ്യാര്‍ഥികളും ഇവിടെ പഠിച്ചിരുന്നു. റോഡ്‌ വികസനത്തിന്റെ ഭാഗമായി സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കണമെന്നും പകരം കെട്ടിടം ഉണ്‌ടാക്കാന്‍ സ്ഥലം ഇല്ലെന്നുമുള്ള ന്യായം പറഞ്ഞാണ്‌ മാനേജര്‍ സ്‌കൂള്‍ പൂട്ടാന്‍ രംഗത്തെത്തിയത്‌. എന്നാല്‍ റോഡിനു സ്ഥലം വിട്ടുകൊടുത്താലും പകരം കെട്ടിടം ഉണ്‌ടാക്കാന്‍ ആവശ്യമായ സ്ഥലം ഇവിടെയുണ്‌ടായിരുന്നു.

മൂന്നു കെട്ടിടങ്ങളിലായി ഏഴു ക്ലാസ്‌ മുറികളാണു സ്‌കൂളില്‍ ഉള്ളത്‌. റോഡ്‌ വീതി കൂട്ടണമെങ്കില്‍ വടക്കു ഭാഗത്തെ കെട്ടിടത്തിന്റെ ചെറിയ ഭാഗം മാത്രമെ വിട്ടുകൊടുക്കേണ്‌ടി വരുമായിരുന്നുള്ളു. എന്നാല്‍ അതെല്ലാം മറച്ചുവച്ചാണു സ്‌കൂള്‍ പൂട്ടാനുള്ള നീക്കവുമായി മാനേജ്‌മെന്റ്‌ മുന്നോട്ട്‌ പോയത്‌.

എന്നാല്‍ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ എ. പ്രദീപ്‌ കുമാര്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും വിദ്യാര്‍ഥികളുമെല്ലാം ഈ നീക്കത്തിനെതിരെ രംഗത്തെത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ ഉള്‍പ്പെടെ നടന്നു. മലാപ്പറമ്പ്‌ എയുപി സ്‌കൂള്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ജനപ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ ചൂണ്‌ടിക്കാട്ടി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരുമായി ബന്ധപ്പെട്ടിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന്‌ സ്‌കൂള്‍ പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി ഉറപ്പ്‌ നല്‍കി.

സ്‌കൂളിനു അനുകൂലമായി ഡിപി ഐ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തു. മലാപ്പറമ്പ്‌ എയുപി സ്‌കൂള്‍ നിലവിലുള്ള സ്ഥിതിയില്‍ മുന്നോട്ട്‌ കൊണ്‌ടുപോകാനായിരുന്നു ഡിപിഐയുടെ നിര്‍ദ്ദേശം. പുതിയ അധ്യയന വര്‍ഷം വിദ്യാര്‍ഥികളെ ചേര്‍ത്ത്‌ പഠനം തുടരണമെന്നും ഡി പി ഐ നിര്‍ദ്ദേശിച്ചിരുന്നു. സ്‌കൂള്‍ സര്‍ക്കാരിനു കൈമാറിയാല്‍ നടക്കാവ്‌ സ്‌കൂളിന്റെ മാതൃകയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ എ. പ്രദീപ്‌ കുമാര്‍ എംഎല്‍എ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

നടപടികളുമായി മുന്നോട്ട്‌ പോകുമ്പോഴാണു സ്‌കൂള്‍ തകര്‍ത്തിരിക്കുന്നത്‌. മലാപ്പറമ്പ്‌ എയുപി സ്‌കൂള്‍ കെട്ടിടം തകര്‍ത്തതു ഭൂമി വില്‍പന നടത്തുന്നതിനാണെന്നുഎ.പ്രദീപ്‌കുമാര്‍ എംഎല്‍എ ആരോപിച്ചു. സ്‌കൂള്‍ നിലനിന്നാല്‍ ഈ സ്ഥലം ആരും വാങ്ങില്ല. ഭൂമി കച്ചവടം മുന്നില്‍ കണ്‌ടാണു സ്‌കൂള്‍ ഇപ്പോഴത്തെ മാനേജര്‍ വാങ്ങിയത്‌. കെട്ടിടം നന്നാക്കി നല്ല സ്‌കൂളാക്കി മാറ്റാമെന്നു പറഞ്ഞാണു വാങ്ങിയത്‌. സംസ്ഥാനത്തു അനാദായകരമായി കണെ്‌ടത്തിയ 1503 സ്‌കൂളുകളില്‍ ഒന്നാണ്‌ ഇത്‌. മാനേജരുടെ ഭാര്യയെ ഇവിടെ അധ്യാപികയായി നിയമിച്ചും മറ്റ്‌ അധ്യാപകരെ നിയമിച്ചും ലക്ഷങ്ങള്‍ കൈപ്പറ്റുകയും ചെയ്‌ത ശേഷം സ്‌കൂള്‍ തകര്‍ക്കാനാണു മാനേജര്‍ ശ്രമിച്ചതെന്നും എംഎല്‍എ ആരോപിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.