Home » » കേരളത്തിലെ പകുതിയിലധികം ചെറുകിട, ഇടത്തരം ആശുപത്രികളും 90 ശതമാനം ലാബുകളും അടച്ചുപൂട്ടേണ്ടിവരും.

കേരളത്തിലെ പകുതിയിലധികം ചെറുകിട, ഇടത്തരം ആശുപത്രികളും 90 ശതമാനം ലാബുകളും അടച്ചുപൂട്ടേണ്ടിവരും.

Written By Unknown on Saturday, 12 April 2014 | 17:23

തിരുവനന്തപുരം: ക്ളിനിക്കൽ എസ്റ്റാബ്ളിഷ്‌മെന്റ് ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ബിൽ സംബന്ധിച്ച് ബന്ധപ്പെട്ട സംഘടനകളുമായി ചർച്ചകൾ പൂർത്തിയായെന്നും ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും മന്ത്രി വി.എസ്. ശിവകുമാർ  പറഞ്ഞു.
ബിൽ ഇപ്പോഴത്തെ നിലയിൽ പാസാക്കിയാൽ കേരളത്തിലെ പകുതിയിലധികം ചെറുകിട, ഇടത്തരം ആശുപത്രികളും 90 ശതമാനം ലാബുകളും അടച്ചുപൂട്ടേണ്ടിവരും. ആരോഗ്യവകുപ്പ് നേരത്തേ നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ മിക്ക ലാബുകളുടെയും നിലവാരം കുറവാണെന്ന് കണ്ടെത്തിയിരുന്നു. വേണ്ടത്ര യോഗ്യതയില്ലാത്തവർ ജോലി ചെയ്യുന്നതായും ആക്ഷേപം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ  ബിൽ നടപ്പാക്കാനൊരുങ്ങുന്നത്.

അതേസമയം നിയമം നടപ്പാക്കുന്നതിനെ എതിർക്കുന്നില്ലെന്നും എന്നാൽ ഇപ്പോഴത്തെ നിബന്ധനകൾ നടപ്പാക്കിയാൽ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്‌ടപ്പെടുമെന്നും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ പറയുന്നു. ആശുപത്രികളിലെ മുറികൾക്കും ഓപ്പറേഷൻ തിയേറ്ററുകൾക്കും നിശ്ചിത വലിപ്പം വേണമെന്നും സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തണമെന്നും ബില്ലിൽ നിർദ്ദേശമുണ്ട്. ഈ മാനദണ്ഡങ്ങൾ നടപ്പാക്കാൻ ആശുപത്രികൾ കോടികൾ ചെലവഴിക്കേണ്ടി വരും. ഇത് ചെറുകിട- ഇടത്തരം ആശുപത്രികൾക്ക് സാധിക്കില്ല.
സർക്കാരുമായി ചർച്ച നടത്താൻ ആരോഗ്യ മേഖലയിലെ വിവിധ സംഘടനകളുടെ കൺസോർഷ്യം രൂപീകരിച്ചിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്‌റ്റീഷണേഴ്സ് അസോസിയേഷൻ, ലാബ് ഓണേഴ്സ് അസോസിയേഷൻ, ഡെന്റൽ അസോസിയേഷൻ തുടങ്ങി പതിനഞ്ചോളം സംഘടനകൾ ഇതിൽ അംഗങ്ങളാണ്. മന്ത്രിതലത്തിൽ ഒരുതവണ മാത്രമാണ് ചർച്ച നടന്നതെന്ന് സംഘടനകൾ ആരോപിക്കുന്നു.

ബിൽ അതേപടി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ശക്തമായി എതിർക്കുമെന്ന് ലാബ് ഓണേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ലാബുകളിൽ ജോലി ചെയ്യുന്നവരുടെ യോഗ്യത കൃത്യമായി നിശ്ചയിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം. മുമ്പ് പി.കെ. ശ്രീമതി  മന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന പാരാ മെഡിക്കൽ കൗൺസിൽ ബിൽ നടപ്പാക്കിയശേഷം മാത്രമേ ക്ളിനിക്കൽ എസ്റ്റാബ്ളിഷ്‌മെന്റ് ബിൽ പാസാക്കാവൂ എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.