കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ സംഭാഷണങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുക്കാത്തതെന്തുകൊണ്ടെന്ന് ഹൈക്കോടതി. പരാതിക്കാരിലൊരാളായ ശ്രീധരന്‍ നായരുടെ കേസില്‍ ഫോണ്‍ സംഭാഷണങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു കണ്ടെത്തിയാണ് ചീഫ് ജസ്‌റ്റിസ് മഞ്‌ജുള ചെല്ലൂര്‍, ജസ്‌റ്റിസ് എ.എം. ഷെഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. സോളാര്‍ തട്ടിപ്പ് കേസുകള്‍ സി.ബി.ഐ. അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. അതേസമയം വി.എസിന് സോളാര്‍ തട്ടിപ്പില്‍ പണം നഷ്‌ടപ്പെടാത്തതിനാല്‍ ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് വി.എസിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ ശേഖര്‍ നഫാടെ വിശദീകരിച്ചു. നഷ്‌ടം വരാത്തതിനാല്‍ മറ്റാര്‍ക്കും കേസ് ഫയല്‍ ചെയ്ാന്‍ അയധികാരമില്ലെന്നു പറയാനാവില്ലെന്ന് ചീഫ് ജസ്‌റ്റിസും പറഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പനുമായി സരിതയടക്കമുള്ളവര്‍ നിരവധിതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങള്‍ പിടിച്ചെടുത്തു പരിശോധിക്കാന്‍ അധികാരമുണ്ടായിട്ടും പോലീസ് തയാറായിട്ടില്ലെന്നും കേരള പോലീസ് ആക്‌ടിലെ 52-ാം വകുപ്പ് ഉദ്ധരിച്ച് വി.എസിന്റെ അഭിഭാഷകന്‍ വാദിച്ചു. മുഖ്യമന്ത്രി ഓഫീസിലെ ജീവനക്കാരന്‍ ഉള്‍പ്പെട്ടിട്ടും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തില്ല. സരിതയുടെ സോളാര്‍ കമ്പനിക്കെതിരേയും കേസെടുത്തില്ല. കമ്പനിയില്‍ നിന്നുമാണ് ജോപ്പനു പണം ലഭിച്ചത്. മൂന്നു പ്രതികള്‍ ജോപ്പനുമായി നിരന്തരം സംസാരിച്ചിട്ടും ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് കണ്ടെത്തിയില്ലെന്നും വി.എസിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അടങ്ങുന്ന രജിസ്‌റ്റര്‍ കണ്ടെത്തിയെന്ന് എ.ജി. ബോധിപ്പിച്ചു. ഫോണ്‍ കോള്‍ സംഭാഷണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയോയെന്ന് കോടതി ആരാഞ്ഞു. നടത്തിയെങ്കില്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ശ്രീധരന്‍ നായരുടെ കേസിലെ കുറ്റപത്രത്തില്‍ ഫോണ്‍ കോള്‍ സംഭാഷണങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളോ ഇക്കാര്യത്തില്‍ വിദഗ്‌ധരുടെ മൊഴികളോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേ ആവശ്യമുന്നയിച്ച് ഫയല്‍ ചെയ്‌ത രണ്ട് കേസുകള്‍ നേരത്തെ തള്ളുമെന്നായപ്പോള്‍ പിന്‍വലിച്ചിരുന്നുവെന്ന് എ.ജി. ചൂണ്ടിക്കാട്ടി. എന്നാല്‍ അക്കാര്യം ഇപ്പോള്‍ പരിഗണിക്കേണ്ട വിഷയമല്ലെന്നു കോടതി പറഞ്ഞു. കേസ് നിയമപരമായി നിലനില്‍ക്കുന്നതാണോയെന്ന കാര്യത്തില്‍ വാദം നടത്താന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്ന് എ.ജി. ആവശ്യപ്പെട്ടു. ജൂണ്‍ മൂന്നിന് വാദത്തിനായി കേസ് മാറ്റി. വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
Home »
News
» സരിത എസ്. നായരുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ സംഭാഷണങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുക്കാത്തതെന്തുകൊണ്ടെന്ന് ഹൈക്കോടതി.
സരിത എസ്. നായരുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ സംഭാഷണങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുക്കാത്തതെന്തുകൊണ്ടെന്ന് ഹൈക്കോടതി.
Written By Unknown on Tuesday, 8 April 2014 | 19:48








