കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പഠനത്തിനായി നല്‍കുന്ന മൃതദേഹത്തോട് ക്രൂരമായ അവഗണന. മെഡിക്കല്‍ കോളെജ് ഗസ്റ്റ് ഹൗസിന് പുറകിലെ പറമ്പിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിക്കുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടിടത്താണ് മാലിന്യങ്ങള്‍ക്കൊപ്പം ഉപേക്ഷിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഗസ്റ്റ് ഹൗസിന് പിറകിലെ ഈ പറമ്പിലേക്ക് വന്നാല്‍ മനസ്സാക്ഷിയുള്ളവര്‍ ഞെട്ടും. മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തില്‍ നിന്ന് ചാക്കില്‍ക്കെട്ടിക്കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ പറമ്പിലെ മാലിന്യങ്ങള്‍ക്കൊപ്പം ഉപേക്ഷിക്കുന്നു. ഉപേക്ഷിക്കപ്പെടുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പിന്നെ പട്ടിയും കുറുക്കനും കടിച്ചുകൊണ്ടുപോകുന്നു. പറമ്പിന് സമീപം കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ക്ക് വരെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു.
ഗ്രൗണ്ടിലെ മണല്‍ നിറച്ച കുഴിയിലായിരുന്നു മൃതദേഹം നേരത്തെ നിക്ഷേപിച്ചിരുന്നത്. ഫോറന്‍സിക് ജീവനക്കാരുടെ സാന്നിധ്യത്തില്‍ മൃദേഹം ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഒരു നിയമവും ധാര്‍മ്മികതയും ഈ ശവശരീരങ്ങളോട് നീതി കാണിക്കുന്നില്ല. സ്വന്തം ശരീരം സമൂഹത്തിനായി സമര്‍പ്പിച്ചവരുടെ മൃതദേഹത്തോടാണ് ഈ ക്രൂരത.








