Home » » നാടും നഗരവും ഇളക്കിമറിച്ച് മൂന്നാഴ്ചയായി നടന്നുവന്ന തിരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയില്‍ സമാപിച്ചു.

നാടും നഗരവും ഇളക്കിമറിച്ച് മൂന്നാഴ്ചയായി നടന്നുവന്ന തിരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയില്‍ സമാപിച്ചു.

Written By Unknown on Tuesday, 8 April 2014 | 12:23


കോഴിക്കോട്: നാടും നഗരവും ഇളക്കിമറിച്ച് മൂന്നാഴ്ചയായി നടന്നുവന്ന തിരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയില്‍  സമാപിച്ചു. വോട്ടെടുപ്പിന് മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെ  രാവിലെ മുതല്‍ യു.ഡി.എഫ്., എല്‍.ഡി.എഫ്., ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വോട്ടഭ്യര്‍ഥിച്ചുകൊണ്ട് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും കാറുകളും ജീപ്പുകളും റോഡുകളിലൂടെ ഓട്ടപ്രദക്ഷിണം തുടങ്ങി. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നാലുമണിമുതല്‍ കൊടിയും പോസ്റ്ററുകളും പതിച്ച്, ൈമക്കിലൂടെ പാട്ടും മുദ്രാവാക്യം വിളികളുമായി ഒഴുകിയെത്തിയ വാഹനങ്ങള്‍ നിരനിരയായി നീങ്ങിയപ്പോള്‍ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ഒടുവില്‍ ആറുമണിയായതോടെ എല്ലാം കെട്ടടങ്ങി. ഇനി സ്ഥാനാര്‍ഥികള്‍ക്ക് നിശ്ശബ്ദ പ്രചാരണംമാത്രമേ നടത്താന്‍ കഴിയൂ.
സ്ഥാനാര്‍ഥികളായ എം.കെ.രാഘവന്‍, എ.വിജയരാഘവന്‍, സി.കെ.പത്മനാഭന്‍ എന്നിവര്‍ കോഴിക്കോട് നഗരത്തില്‍ പ്രചാരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതുകൊണ്ട് ഉച്ചയോടെ മണ്ഡലത്തിന്റെ നാനാഭാഗത്തുനിന്നും പ്രവര്‍ത്തകര്‍ ഇരുചക്രവാഹനം, ഓട്ടോറിക്ഷ തുടങ്ങി വിവിധ വാഹനങ്ങളിലായി കോഴിക്കോട് നഗരത്തിലേക്ക് ഒഴുകിയെത്തി. നഗരവീഥികളിലൂടെ പലതവണ വലയംവെച്ചശേഷം വൈകുന്നേരത്തോടെ വാഹനങ്ങളെല്ലാം അതത് സ്ഥാനാര്‍ഥികളുടെ തുറന്നവാഹനത്തിനുപിറകില്‍ അണിചേര്‍ന്നപ്പോള്‍ ഇത് വാഹനഘോഷയാത്രയായി മാറി.
യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ.രാഘവന്റെ റോഡ്‌ഷോ ചൊവ്വാഴ്ച രാവിലെ അത്തോളി വി.കെ.റോഡില്‍ മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി, ബാലുശ്ശേരി, വട്ടോളി, താമരശ്ശേരി, പന്തീരാങ്കാവ്, കല്ലായി, മാനാഞ്ചിറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചശേഷം വൈകുന്നേരം അഞ്ചരയോടെ പാളയത്ത് എത്തി. പ്രവര്‍ത്തകരുടെ നിലയ്ക്കാത്ത മുദ്രാവാക്യംവിളികള്‍ക്കിടെ എം.കെ.രാഘവന്‍ തുറന്നവാഹനത്തിനുമുകളില്‍നിന്ന് പ്രസംഗിച്ചു. മന്ത്രി എം.കെ.മുനീര്‍, ഡി.സി.സി. പ്രസിഡന്റ് കെ.സി.അബു, ഉമ്മര്‍ പാണ്ടികശാല, പി.വി.ഗംഗാധരന്‍, കെ.പി.അനില്‍കുമാര്‍, അഡ്വ. കെ.പ്രവീണ്‍കുമാര്‍, അഡ്വ. കെ.ജയന്ത്, എം.സി.മായിന്‍ഹാജി, എന്‍.സുബ്രഹ്മണ്യന്‍, എം.എ.റസാഖ്, അഡ്വ. പി.എം.നിയാസ്, സി.എന്‍.വിജയകൃഷ്ണന്‍, പി.കിഷന്‍ചന്ദ്, സി.എസ്.സത്യഭാമ, കെ.ശ്രീകുമാര്‍ തുടങ്ങിയവര്‍ രാഘവനെ അനുഗമിച്ചു. മുതലക്കുളത്തുനിന്ന് പാളയത്തേക്ക് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ കൂട്ടയോട്ടം നടത്തി.
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.വിജയരാഘവന്‍ രാവിലെ മെഡിക്കല്‍കോളേജ് പരിസരത്തുനിന്നാണ് പര്യടനം ആരംഭിച്ചത്. താമരശ്ശേരി, ബാലുശ്ശേരി, കക്കോടി, പന്നിയങ്കര, രാമനാട്ടുകര, എലത്തൂര്‍, പുതിയങ്ങാടി കഴിഞ്ഞ് വയനാട് റോഡ്വഴി നീങ്ങി കടപ്പുറത്ത് പ്രചാരണം സമാപിച്ചു. സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗം കെ.ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിജയരാഘവനോടൊപ്പം ഉണ്ടായി.
ബി.ജെ.പി. സ്ഥാനാര്‍ഥി സി.കെ.പത്മനാഭന്‍ ബി.ജെ.പി. ഓഫീസില്‍നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തൊണ്ടയാട്, മലാപ്പറമ്പ്, എരഞ്ഞിപ്പാലം, ഗാന്ധിറോഡ്, വെള്ളയില്‍, കണ്ണൂര്‍റോഡ് വഴി മാനാഞ്ചിറ സ്‌ക്വയറില്‍ പര്യടനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, സംസ്ഥാനസെക്രട്ടറി വി.വി. രാജന്‍, യുവമോര്‍ച്ച നേതാവ് പ്രകാശ്ബാബു, ജില്ലാപ്രസിഡന്റ് പി.രഘുനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുഗമിച്ചു. നരേന്ദ്രമോദിയുടെ ചിത്രം പതിച്ച ടീഷര്‍ട്ടുകളും വിശറിയും ബാഡ്ജുകളും മാനാഞ്ചിറയില്‍ പ്രവര്‍ത്തകര്‍ക്ക് വിതരണംചെയ്തു.
ആര്‍.എം.പി. സ്ഥാനാര്‍ഥി അഡ്വ. എന്‍.പി.പ്രതാപ്കുമാര്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പ്രകടനത്തില്‍ പങ്കെടുത്ത് മുതലക്കുളത്താണ് പ്രചാരണം അവസാനിപ്പിച്ചത്.
ആം ആദ്മി സ്ഥാനാര്‍ഥി കെ.പി. രതീഷ് കടപ്പുറത്തെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ പ്രചാരണം അവസാനിപ്പിച്ചു.
കടപ്പുറത്ത് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ഇടത്, വലത്, ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ പ്രചാരണ ഘോഷയാത്രകള്‍ നേര്‍ക്കുനേര്‍ നീങ്ങിയെങ്കിലും എവിടെയും അനിഷ്ടസംഭവമൊന്നും ഉണ്ടായില്ല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.