തിരുവനന്തപുരം: കെ. സുധാകരനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി. രാമകൃഷ്‌ണനും കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ കൊമ്പുകോര്‍ത്തതു പ്രക്ഷുബ്‌ധരംഗങ്ങള്‍ക്കിടയാക്കി. രാമകൃഷ്‌ണനുമൊത്ത് ഇനി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു സുധാകരന്‍ വ്യക്‌തമാക്കിയപ്പോള്‍, സുധാകരന്‍ 30 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നു രാമകൃഷ്‌ണന്‍ തിരിച്ചടിച്ചു.
അച്ചടക്കലംഘനം നടത്തിയ രാമകൃഷ്‌ണനെതിരേ നടപടിയില്ലെങ്കില്‍ ഇനി നിര്‍വാഹകസമിതിയില്‍ പങ്കെടുക്കില്ലെന്നായിരുന്നു സുധാകരന്റെ ഭീഷണി. പ്രസ്‌താവനയിലൂടെയും ഒളികാമറയിലൂടെയും രാമകൃഷ്‌ണന്‍ പറഞ്ഞ തോന്ന്യാസങ്ങള്‍ തെരഞ്ഞെടുപ്പില്‍ ദോഷംചെയ്‌തു. അക്കാര്യത്തില്‍ കെ.പി.സി.സിക്കു ബോധ്യമുണ്ടെങ്കില്‍ നടപടി വേണം. താനാണു തെറ്റ് ചെയ്‌തതെങ്കില്‍ തനിക്കെതിരേ നടപടിയെടുത്തുകൊള്ളാനും സുധാകരന്‍ പറഞ്ഞു. സുധാകരന്‍ എം.പിയെന്ന നിലയില്‍ പരാജയപ്പെട്ടതിനാലാണു കണ്ണൂരില്‍ തിരിച്ചടി കിട്ടിയതെന്നു രാമകൃഷ്‌ണന്‍ ആരോപിച്ചു.
കരുണാകരന്‍ ട്രസ്‌റ്റിന്റെ പേരില്‍ സുധാകരന്‍ 30 കോടി തട്ടിയെടുത്തു.സുധാകരന്‍ കൂടുതല്‍ സമയവും വിദേശത്തായിരുന്നെന്നു പറഞ്ഞ് രാമകൃഷ്‌ണന്‍ വ്യക്‌തിപരമായ ആരോപണങ്ങളിലേക്കു കടന്നതോടെ വി.എം. സുധീരന്‍ ഇടപെട്ട് പ്രസംഗം അവസാനിപ്പിച്ചു.
തന്റെ വിജയത്തിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച കെ.ബി. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നു കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടതു യോഗത്തില്‍ ഒച്ചപ്പാടുണ്ടാക്കി. ഈ ആവശ്യം നിര്‍വാഹകസമിതിയിലല്ല, യു.ഡി.എഫ്. യോഗത്തിലാണ് ഉന്നയിക്കേണ്ടതെന്നു ചിലര്‍ ചൂണ്ടിക്കാട്ടി. തന്റെ സീറ്റ് തട്ടിയെടുക്കുകയും ജീവിതകാലം മുഴുവന്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത എം.എം. ഹസ്സനെ തെരഞ്ഞെടുപ്പുപരാതികള്‍ അന്വേഷിക്കുന്ന കമ്മിഷനായി നിയോഗിച്ച് വേട്ടയാടുകയാണെന്ന് കൊല്ലം ഡി.സി.സി. അധ്യക്ഷന്‍ ജി. പ്രതാപവര്‍മ തമ്പാന്‍ ആരോപിച്ചു. ഇത്തരം കാര്യങ്ങള്‍ പറയരുതെന്നു വി.എം. സുധീരന്‍ വിലക്കിയതോടെ തമ്പാന്‍ ഇരിപ്പിടത്തിലേക്കു മടങ്ങി. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സുധീരന്റെ നിലപാടിനെ ആലപ്പുഴ, കോട്ടയം ഡി.സി.സി. അധ്യക്ഷന്‍മാരായ എ.എ ഷുക്കൂറും ടോമി കല്ലാനിയും പിന്തുണച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ പ്രായോഗികസമീപനം വേണമെന്നായിരുന്നു സുധാകരന്റെ നിലപാട്.







