കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ടി കെ ഫയാസിന് ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധമില്ലെന്ന് സി.ബി.ഐ. ടി പി ചന്ദ്രശേഖരന്‍ വധകേസ് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് കാണിച്ച സി ബി ഐയുടെ ചെന്നൈ സോണ്‍ മേധാവിയും ജോയിന്റ് ഡയറക്‌ടറുമായ എസ് അരുണാചലം സംസ്‌ഥാന ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് ടി.പി. കേസില്‍ ഫയാസിന് ബന്ധമില്ലെന്ന് പറയുന്നത്.
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ കോഫെപോസ നിയമപ്രകാരം തടവില്‍ കഴിയുന്ന ഫയാസിനെ സി.ബി.ഐയുടെ കൊച്ചി യൂണിറ്റ് വിശദമായി ചോദ്യം ചെയ്‌തതാണെന്നും ടി. പി. കേസില്‍ ഇയാള്‍ക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കഴിഞ്ഞ 12ന് നല്‍കിയ കത്തില്‍ വ്യക്‌തമാക്കുന്നു. ടി.പി. കേസിലെ പ്രതികളെ ഫയാസ് ജെയിലില്‍ സന്ദര്‍ശിക്കുന്നതിന്റെ ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ടി.പി. കേസില്‍ ഫയാസിനുള്ള പങ്ക് സി ബി ഐ അന്വേഷിക്കണമൈന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.
ഈ കത്തിന്റെ കൂടി അടിസ്‌ഥാനത്തിലാണ് സംസ്‌ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് ഇത്തരവിട്ടത്. എന്നാല്‍ ടി.പി. വധം അന്വേഷിക്കാനാകില്ലെന്നാണ് തുടക്കം മുതലേ സി.ബി.ഐ. സ്വീകരിച്ച നിലപാട്.
അന്വേഷണാവശ്യം സി.ബി.ഐ. ആദ്യം നിരാകരിച്ചതിനെ തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയും സി.ബി.ഐ. വീണ്ടും ആവശ്യം പരിഗണിക്കുകയും കുറ്റപത്രമടക്കമുള്ള രേഖകള്‍ വിശദമായി പരിശോധിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഫായിസ് ടി. പി. കേസ് പ്രതികളെ ജെയിലില്‍ സന്ദര്‍ശിച്ചത് എന്തിനാണെന്ന് കത്തില്‍ സി ബി ഐയും പരാമര്‍ശിച്ചിട്ടില്ല. ഫയാസിന്റെ ബന്ധം പരിശോധിച്ച സി.ബി.ഐയുടെ കൊച്ചി യൂണിറ്റും ഇതേക്കുറിച്ച് നിശബ്‌ദത പാലിക്കുകയാണ്.








