Home » » പലിശയടക്കം പണം തിരികെ നല്‍കിയില്ലെങ്കില്‍ മകനെ തട്ടി കൊണ്ട് പോകുമെന്ന ബ്ലേഡ് മാഫിയയുടെ ഭീഷണി

പലിശയടക്കം പണം തിരികെ നല്‍കിയില്ലെങ്കില്‍ മകനെ തട്ടി കൊണ്ട് പോകുമെന്ന ബ്ലേഡ് മാഫിയയുടെ ഭീഷണി

Written By Unknown on Wednesday, 28 May 2014 | 19:48

കൊച്ചി: പലിശയടക്കം പണം തിരികെ നല്‍കിയില്ലെങ്കില്‍ മകനെ തട്ടി കൊണ്ട് പോകുമെന്ന ബ്ലേഡ് മാഫിയയുടെ ഭീഷണിക്ക് മുന്നില്‍ എന്തു ചെയ്യണമെന്ന് അറിയാതെ ഒരു കുടുംബം. പലിശയിനത്തില്‍ ലക്ഷങ്ങള്‍ നല്‍കിയിട്ടും കൊച്ചി സ്വദേശി ഷാജഹാനേയും കുടുംബത്തെയും വെറുതെ വിടാന്‍ ബ്ലേഡ് മാഫിയ തയാറല്ല. മാസം തോറും പലിശയിനത്തില്‍ നല്‍കുന്ന തുക മുടങ്ങിയതോടെയാണ് ബ്ലേഡ് മാഫിയയുടെ തട്ടിക്കൊണ്ട് പോകല്‍ ഭീഷണി.
ചികിത്സ നടത്തുന്നതിനാണ് 2008ല്‍ അന്‍പതിനായിരം രൂപ ഷാജഹാന്‍ പലിശക്ക് എടുത്തത്. പലപ്പോഴായി കുറേ പണം തിരികെ നല്‍കി. എന്നിട്ടും പലിശയും കൂട്ടുപലിശയുമായി കടം രണ്ട് ലക്ഷം രൂപയിലെത്തി. പലിശ അടക്കുന്നത് മുടങ്ങിയതോടെ ബ്ലേഡ് സംഘം ഭീഷണിയുമായി രംഗത്തെത്തി. തുടര്‍ന്ന് ബ്ലാങ്ക് ചെക്കും മുദ്രപ്പത്രവും ഒപ്പിട്ടു വാങ്ങുകയും ചെയ്തു. കൂട്ടത്തില്‍ സ്റ്റാമ്പ് പതിപ്പിച്ച വെള്ളപ്പേപ്പറില്‍ കുട്ടിയുടെ വിരലടയാളവും രേഖപ്പെടുത്തി. ഇത് കാണിച്ചായിരുന്നു പിന്നീടുള്ള ഭീഷണി. ഭീഷണി തുടര്‍ന്നപ്പോള്‍ മറ്റ് പലിശക്കാരില്‍ നിന്നും പണം വാങ്ങി ആദ്യ സംഘത്തിന് നല്‍കി. എന്നാല്‍ കടംകൂടിയത് മാത്രം മിച്ചം. ഇതോടെ ഷാജഹാന്റെ മകനെ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിയുമായി ബ്ലേഡ് സംഘം വീണ്ടും രംഗത്തെത്തി.
സഹികെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ബ്ലേഡ് സംഘത്തിന്റെ ഭീഷണി ഇപ്പോഴും തുടരുന്നുണ്ടെന്ന് ഷാജഹാന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.