തൊടുപുഴ: പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് വിളിപ്പിച്ച ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി പാലത്തില്‍ നിന്നു ആറ്റില്‍ ചാടി ആത്മഹത്യയ്‌ക്കു ശ്രമിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മണക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് നഗരത്തിലെ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാവിന്റെ നിലവിളികേട്ട് ഓടിയെത്തിയവര്‍ പുഴയില്‍ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. സുഹൃത്തായ പെണ്‍കുട്ടിയുടെ നമ്പര്‍ മറ്റൊരു സഹപാഠിക്കു കൈമാറിയ സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്‌കൂളില്‍ പോകേണ്ടിയിരുന്നതിനാല്‍ ഇന്നലെ തന്നെ സ്‌റ്റേഷനിലെത്തുകയായിരുന്നു.
ഇവിടെ നിന്നു ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പാലത്തിലൂടെ മടങ്ങി പോകുന്നതിനിടെ പുഴയിലേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ നിലവിളികേട്ട് പാലത്തിനു സമീപം നില്‍ക്കുകയായിരുന്ന ഡ്രൈവര്‍മാരായ വിഷ്‌ണു, മനോജ് എന്നിവര്‍ ഓടിയെത്തുകയായിരുന്നു. ഉടന്‍ വാഹനം തിരിച്ച് നിര്‍ത്തി ഇവര്‍ പുഴയിലേക്ക് വെളിച്ചമടിച്ച് നോക്കിയപ്പോള്‍ പെണ്‍കുട്ടി ഒഴുകി പോകുന്നത് കണ്ടു. തുടര്‍ച്ചയായി മഴ പെയ്‌തിരുന്നതിനാല്‍ കനത്ത വെള്ളവും ഒഴുക്കുമാണ് ആറ്റില്‍ ഉണ്ടായിരുന്നത്. വാഹനത്തില്‍ പുഴയ്‌ക്കു താഴെ ഭാഗത്ത് എത്തിയ വിഷ്‌ണു ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ വിളിപ്പിച്ചതെന്നും സൈബര്‍സെല്ലു വഴി അന്വേഷണം നടത്തേണ്ട കേസായതിനാല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം വിട്ടയയ്‌ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.








