റാഞ്ചി: സുന്നി വിഭാഗക്കാര്‍ അനുവര്‍ത്തിക്കുന്ന യാഥാസ്ഥിതികമായ ബറേല്‍വി ആചാരക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മുക്കം അനാഥാലശാലയില്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍. പഠനം ഉപേക്ഷിച്ച് ഝാര്‍ഖണ്ഡില്‍ തിരിച്ചെത്തിയ കുട്ടികളുടേതാണ് വെളിപ്പെടുത്തല്‍. തങ്ങളുടെ ആചാരങ്ങള്‍ പാലിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് ഗോണ്ടയിലെ ഗ്രാമങ്ങളിലെ ദിയോബന്ദ് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പറയുന്നു. സമ്മതമില്ലാതെ ആചാരക്രമങ്ങള്‍ മാറ്റാന്‍ ശ്രമിച്ചതില്‍ രക്ഷിതാക്കളും അമര്‍ഷത്തിലാണ്. മുക്കത്തെ അനാഥാലയങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന കുട്ടികളാണ് തങ്ങളുടേതല്ലാത്ത ആചാരക്രമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായി എന്ന് വെളിപ്പെടുത്തിയത്. പന്ത്രണ്ടു വയസുകാരി സൈറ കാത്തു അധ്യാപികയാകണമെന്ന ആഗ്രഹത്തോടെയാണ് മാതാപിതാക്കളെയും ബന്ധുക്കളെയും ഉപേക്ഷിച്ച് കോഴിക്കോടെ അനാഥാലയത്തിലെത്തിയത്. മുക്കത്തെ പഠനാന്തരീക്ഷവും സാഹചര്യങ്ങളും മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തിയ സൈറയ്ക്ക് പക്ഷേ, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ച് വരേണ്ടതായി വന്നു. സൈറയുടെ കുടുംബം വിശ്വസിക്കുന്ന ദിയോബന്ദ് ആചാരങ്ങള്‍ പിന്തുടരാന്‍ മുക്കത്ത് സാധിച്ചില്ല എന്നതാണ് കാരണം. സുന്നി വിശ്വാസവുമായി ചേര്‍ന്ന് നില്‍ക്കുന്ന യാഥാസ്ഥിതികമായ ബറേല്‍വി ആചാരക്രമങ്ങള്‍ പാലിക്കണമെന്നായിരുന്നു അനാഥാലയത്തിെ നിബന്ധനയെന്ന് സൈറ വെളിപ്പെടുത്തുന്നു.ചെറുപ്പത്തിലേ സൂക്ഷിച്ച ആചാരങ്ങളുടെ മാറ്റമാണ് ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചുവരാന്‍ ഏഴുവയസുകാരന്‍ ഇമ്രാനെ പ്രേരിപ്പിച്ചത്. കേരളത്തിലെ മുജാഹിദ് വിശ്വാസധാരയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് ദിയോബന്ദുകാരുടെ വിശ്വാസക്രമം.യാഥാസ്ഥിതികരായ ബറേല്‍വികാരുമായി അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത് കൊണ്ടുതന്നെ ആചാരരീതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടന്നു എന്നു കേള്‍ക്കുമ്പോള്‍ രക്ഷിതാക്കളും അമര്‍ഷത്തിലാണ്. ഗോണ്ടയില്‍ നിന്നും കേരളത്തിലെത്തിച്ച കുട്ടികളില്‍ ഏറെയും ദിയോബന്ദ് വിഭാഗത്തില്‍ പെട്ടവരാണ്. സാംസ്‌കാരികമായ വ്യത്യാസങ്ങളെക്കാള്‍ അനുവര്‍ത്തിച്ച വിശ്വാസരീതികള്‍ മാറ്റാന്‍ നിര്‍ബന്ധിതരായതിലെ അതൃപ്തികള്‍ കൂടിയാണ് ഈ കുട്ടികള്‍ വ്യക്തമാക്കുന്നത്. അതേസമയം ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമമുണ്ടെന്ന വാര്‍ത്തകള്‍ മുക്കം മുസ്ലീം അനാഥശാല അധികൃതര്‍ നിഷേധിച്ചു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ കീഴിലാണ് സ്ഥാപനം നടക്കുന്നത്. സുന്നി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഓര്‍ഫനേജ് ഭരണസമിതിയംഗം മുഹമ്മദ് മോന്‍ഹാജി പറഞ്ഞു.








