സിനിമയില്‍ എത്തുന്നതിനു മുമ്പ് വജൈന ടൈറ്റനിംഗ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചതില്‍ തനിക്ക് ദുഖമൊന്നുമില്ലെന്ന് മലയാളത്തിലെ പുതുതലമുറ താരം അപര്‍ണ ഗോപിനാഥ് പറഞ്ഞു. അപര്‍ണ 2009-ല്‍ അഭിനയിച്ച ക്രീമിന്റെ പരസ്യം അടുത്ത ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ വൈറലായ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.
പരസ്യത്തില്‍ അഭിനയിച്ചെങ്കിലും താന്‍ വ്യക്‌തിപരമായി ഉത്‌പന്നത്തെ പിന്തുണയ്‌ക്കുന്നില്ലെന്നും പരസ്യ ഏജന്‍സി അവരുടെ ഉത്‌പന്നം പരസ്യം ചെയ്യാന്‍ ഉപയോഗിച്ച ഒരു ഉപാധി മാത്രമാണ് താനെന്നും അപര്‍ണ വ്യക്‌തമാക്കി. പരസ്യത്തില്‍ അഭിനയിച്ച കാലത്ത് തന്നെ ആര്‍ക്കും അറിയാമായിരുന്നെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.
തിയേറ്റര്‍ ആര്‍ട്ടിസ്‌റ്റായിരുന്ന സമയത്ത് പല ഓഡീഷനും പോയിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു ഇതും. ഇത്തരമൊരു ഉത്‌പന്നമായിരുന്നതിനാല്‍ പരസ്യ ഏജന്‍സിയും പരിചിതമല്ലാത്ത ഒരു മുഖത്തിനായുള്ള അന്വേഷണത്തില്‍ ആയിരുന്നിരിക്കാം. പരസ്യത്തില്‍ അഭിനയിച്ചതിന് അവര്‍ മാന്യമായ പ്രതിഫലവും നല്‍കി- അപര്‍ണ വിശദമാക്കി.
താനിപ്പോള്‍ പ്രശസ്‌തയായതിനാലാണ് വജൈനല്‍ ടൈറ്റനിംഗ് ക്രീമിന്റെ പരസ്യ ചിത്രത്തിന് ഇത്രയേറെ പ്രചാരം ലഭിക്കുന്നതെന്നും അപര്‍ണ പറഞ്ഞു. പക്ഷേ താന്‍ അഭിനയിച്ച മറ്റു പരസ്യങ്ങളൊന്നും ഇത്തരത്തില്‍ വൈറലാകുന്നില്ല. ഇത്തരം ഉത്‌പന്നങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ സാധാരണയാണെന്നും അപര്‍ണ പറയുന്നു.
എബിസിഡി, ബൈസിക്കിള്‍ തീവ്‌സ്, മാന്നാര്‍ മത്തായി സ്‌പീക്കിങ്-2, ഹാപ്പി ജേര്‍ണി, ഗാങ്‌സ്റ്റര്‍ തുടങ്ങിയവയാണ് അപര്‍ണ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. മമ്മൂട്ടി നായകനായ 'മുന്നറിയിപ്പ്' ആണ് അപര്‍ണയുടെ അടുത്ത ചിത്രം








