അനാഥാലയ വിവാദത്തിനു പിന്നാലെ ആഭ്യന്തരവകുപ്പിനെ പ്രതികൂട്ടിലാക്കി മുസ്ലീം ലീഗ് വീണ്ടും രംഗത്ത്. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി വടകര, നാദാപുരം മേഖലകളില്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതിന് എതിരേയാണ് ലീഗ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. യു ഡി എഫ് യോഗത്തിലടക്കം ഉന്നയിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാത്തതില്‍ ലീഗിന് കടുത്ത അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച കേസുകളില്‍ വര്‍ഗീയ കലാപത്തിന് ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര സ്വഭാവമുള്ള കുറ്റങ്ങള്‍ ചുമത്തുന്ന പോലീസ് നടപടിയാണ് ആഭ്യന്തര വകുപ്പിനെതിരായ ലീഗിന്റെ അതൃപ്തിക്കുള്ള പ്രധാനകാരണം. യു.ഡി.എഫ് യോഗത്തിലടക്കം പരാതി ഉന്നയിച്ചിട്ടും പോലീസ് ഈ നടപടി തുടരുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാലത്ത് എടുത്ത നടപടികള്‍ തുടരുന്നുവെന്നായിരുന്നു ഇത് വരെയുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണം. എന്നാല്‍ വടകരയിലെ യു.ഡി.എഫ് വിജയത്തിന് ശേഷമുണ്ടായ ചില സംഘര്‍ഷങ്ങളുടെ പേരിലും 153 എ വകുപ്പ് പ്രകാരം കേസെടുത്തു. വകുപ്പില്‍ നടക്കുന്നത് പോലീസിന്റെ താന്തോന്നിത്തരമാണെന്നാണ് ലീഗിന്റെയും യൂത്ത് ലീഗിന്റെയും നിലപാട്.
മുമ്പ് യു.ഡി.എഫ് യോഗത്തില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലികുട്ടിയും തമ്മില്‍ വിഷയത്തിന്റെ പേരില്‍ വലിയ തര്‍ക്കം ഉടലെടുത്തിരുന്നു. മുസ്ലീം ലീഗിന്റെ 1500-ലധികം പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇതുവരെ 153-എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് വിമാനത്താവളങ്ങളിലും മറ്റും വെച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്.








