Home » » പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്നതിനായി അഞ്ചു കോടി രൂപ കെ എം മാണി ആവശ്യപ്പെട്ടു.ബിജു രമേശ്

പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്നതിനായി അഞ്ചു കോടി രൂപ കെ എം മാണി ആവശ്യപ്പെട്ടു.ബിജു രമേശ്

Written By Unknown on Friday, 31 October 2014 | 11:12

തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് ആരോപിച്ചു. എന്നാല്‍, കൈക്കൂലി നല്‍കിയെന്ന കാര്യം അറിയില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു. എന്നാല്‍, മന്ത്രി മാണിയെ ഭയന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇക്കാര്യം നിഷേധിക്കുന്നതെന്ന് ബിജു രമേശ് പറഞ്ഞു.

പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്നതിനായി അഞ്ചു കോടി രൂപയാണ് കെ എം മാണി ആവശ്യപ്പെട്ടതെന്ന് ബിജു രമേശ് ആരോപിച്ചു. പാലായില്‍ വെച്ചാണ് ഇതിനുള്ള ഇടപാടുകള്‍ നടന്നതെന്ന് ബിജു പറഞ്ഞു. ആദ്യം പതിനഞ്ചു ലക്ഷവും പിന്നീട് 85 ലക്ഷവുമാണ് കൈമാറിയത്. അസോസിയേഷന്‍ പ്രതിനിധികളാണ് ഇത് നല്‍കിയത്. ബാക്കി തുക പിന്നീട് നല്‍കാമെന്നും പറഞ്ഞു. പതിനഞ്ചു ലക്ഷം നല്‍കിയപ്പോള്‍ കാബിനറ്റ് യോഗത്തില്‍ ഫയല്‍ എടുക്കാന്‍ മാണി വിസമ്മതിച്ചതായും ഇതിനെ തുടര്‍ന്നാണ് 85 ലക്ഷം കൂടി നല്‍കിയതെന്നും ബിജു രമേശ് പറഞ്ഞു. 

ബാക്കി നാല് കോടി നല്‍കുന്നതിന് മുമ്പു തന്നെ കാര്യങ്ങള്‍ കൈവിട്ടു പോയി. വി.എം സുധീരന്‍ ഇടപെടുകയും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് മാറ്റുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ്, ബാക്കി തുക നല്‍കാതിരുന്നത്. ഇതിന്റെ തെളിവുകള്‍ ചിലത് കൈയിലുണ്ട്. ആവശ്യമുള്ള സമയത്ത് അത് പുറത്തു വിടാന്‍ കഴിയും. ഏത് അന്വേഷണത്തിനും താന്‍ തയ്യാറാണെന്നും തന്നെയും താന്‍ ചൂണ്ടിക്കാണിക്കുന്ന മറ്റുള്ളവരെയും നുണ പരിശോധന അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും ബിജു രമേശ് പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.