ന്യൂഡല്‍ഹി : കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ (സി.ഐ.സി.) 24,000ലേറെ
കേസുകള്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്നു. ഒക്‌ടോബര്‍ 31 വരെ 24,150
പരാതികള്‍ തീര്‍പ്പാവാതെ കിടക്കുന്നുണ്ടെന്നാണു വിവരാവകാശ പ്രവര്‍ത്തകന്‍
വെങ്കടേശ് നായിക് ശേഖരിച്ച വിവരങ്ങളിലുള്ളത്. ഈ വര്‍ഷം ജനുവരി ഒന്നുവരെ
18,998 കേസുകളായിരുന്നു വിവരാവകാശ കമ്മീഷനില്‍ കെട്ടിക്കിടന്നിരുന്നത്.
കഴിഞ്ഞ രണ്ടുമാസത്തിലേറെയായി കമ്മീഷണറും മുന്‍ ഉപ കമ്മീഷണര്‍മാരുമില്ലാതെയാണ് കേന്ദ്രവിവരാവകാശ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലാത്തതാണ് അതിനു കാരണം. കമ്മീഷണറെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ഉണ്ടായിരിക്കേണ്ടതുണ്ട്. ആഗസ്‌ത് 22ന് രാജീവ് മാഥൂര്‍ വിരമിച്ച ശേഷം കമ്മീഷനില്‍, കമ്മീഷണറില്ല.
10 ഉപകമ്മീഷണര്‍മാര്‍ വേണ്ടിടത്ത് ഇപ്പോള്‍ ഏഴു പേരേയുള്ളൂ. സി.ഐ.സി.യിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നു നായിക് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.







