മഞ്ചേരി : നിലമ്പൂര്‍ രാധ വധക്കേസില്‍ അന്വേഷണോദ്യോഗസ്ഥരായ പെരിന്തല്‍മണ്ണ
ഡി.വൈ.എസ്.പി. വിജയകുമാറിനെയും എസ്.ഐ. ജ്യോതീന്ദ്രകുമാറിനെയും ഒന്നാം
അഡീഷനല്‍ സെഷന്‍സ് കോടതി സാക്ഷികളായി വിസ്‌തരിച്ചു. മറ്റ് അന്വേഷണ
ഉദ്യോഗസ്ഥരെ ഇന്ന് വിസ്‌തരിക്കും.
പ്രതികളായ ബിജുവിന്റെയും ഷംസുദ്ദീന്റെയും ഫോണ്‍കോളുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥനു കൈമാറിയെന്ന് ജ്യോതീന്ദ്രകുമാര്‍ ജഡ്‌ജി പി.എസ്.ശശികുമാര്‍ മുന്‍പാകെ മൊഴി നല്‍കി. 2013 മാര്‍ച്ച് ഒന്നുമുതല്‍ രാധയെ കാണാതാകുന്ന ദിവസംവരെ പ്രതികളുടെ ഒരു ഫോണ്‍ പരിശോധിച്ചതില്‍ 90 തവണ വിളിച്ചതായി മൊഴി നല്‍കി. ഇതില്‍ രാധയെ കാണാതായ ദിവസം ഒന്‍പതി തവണ ബന്ധപ്പെട്ടിരുന്നു. ബിജുവിന്റെ മറ്റൊരു ഫോണില്‍നിന്ന് ഫെബ്രുവരി രണ്ടുമുതല്‍ 10 വരെ 41 തവണ വിളിച്ചതായും ഇതില്‍ ഫെബ്രുവരി അഞ്ചിന് 20 ഫോണ്‍കോള്‍ ഉണ്ടായിരുന്നതായും മൊഴി നല്‍കി.
ഡി.വൈ.എസ്.പി. വിജയകുമാറിനെ 105-ാം സാക്ഷിയായാണ് വിസ്‌തരിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരമാണ് കേസന്വേഷണ ചുമതല ഏറ്റെടുത്തതെന്ന് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കി. പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെടുത്ത മുതലുകളും സാക്ഷികളെ ചോദ്യം ചെയ്‌ത് മൊഴി രേഖപ്പെടുത്തിയതും പരിശോധിച്ചിട്ടുണ്ടെന്നും പറഞ്ഞു. മുതലുകള്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. കേസില്‍ ലൈംഗികാതിക്രമവും തെളിവ് നശിപ്പിക്കലും നടന്നതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി.ജി.മാത്യു ഹാജരായി.
ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍, അസി. പൊലീസ് കമ്മീഷണര്‍ ശശിധരന്‍, സി.ഐ. ബഷീര്‍ എന്നിവരെ ഇന്ന് വിസ്‌തരിക്കും. കേസില്‍ ഇതുവരെ 156 രേഖകളും 56 മുതലുകളും കോടതി സ്വീകരിച്ചു.







