മംഗളൂരു: മാനവ സമൂഹത്തെ മാനിക്കുക എന്ന സന്ദേശമുയര്‍ത്തി ന്ന് അഖിലേന്ത്യാ ജം ഇയ്യത്തില്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ നയിച്ച കര്‍ണാടക യാത്രയ്‌ക്ക് മംഗളൂരുവില്‍ ഉജ്‌ജ്വല സമാപനം. ഒക്‌ടോബര്‍ 25നു കലബുറഗിയില്‍ നിന്നാരംഭിച്ച യാത്ര മാനവ മൈത്രീ സന്ദേശവുമായി സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ പര്യടനം നടത്തിയാണ് ഞായറാഴ്‌ച മംഗളൂരുവില്‍ സമാപിച്ചത്.
പതിനായിരക്കണക്കിന് എസ്‌എസ്‌എഫ് വളണ്ടിയര്‍മാര്‍ അണിനിരന്ന സമാപന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി ബി. സിദ്ദരാമയ്യ ഉല്‍ഘാടനം ചെയ്‌തു. യേനപ്പോയ അബ്‌ദുള്ളക്കുഞ്ഞി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ഥ, മിലാഗ്രസ് പള്ളി വികാരി ഫാ. വലേരിയന്‍ ഡിസൂസ എന്നിവര്‍ വിശിഷ്‌ടാതിഥികളായിരുന്നു.
രാജ്യത്തു മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു മാതൃകാപരമായ തുടക്കമാണ് കാന്തപുരം നടത്തുന്നതെന്ന് സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ വിവിധ സാമുദായിക നേതാക്കളെ ഒരേ വേദിയില്‍ അണിനിരത്താന്‍ തയാറായത് മാതൃകാപരമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്. യാത്രക്കിടെ ബോധ്യപ്പെട്ട അനുഭവങ്ങളും ആക്ഷേപങ്ങളും ഉള്‍ക്കൊള്ളിച്ച് കാന്തപുരം നല്‍കിയ കുറിപ്പ് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.- മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ബി. രമാനാഥ റായി, വിനയ് കുമാര്‍ സൊറകെ, അഭയചന്ദ്ര ജയിന്‍,
യു.ടി. ഖാദര്‍, മംഗളൂരു മേയര്‍ മഹാബല മാര്‍ള, എച്ച്. വിശ്വനാഥ്,
അമര്‍നാഥ് ഷെട്ടി, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, എസ്.എം.
റഷീദ് ഹാജി, ഡോ. ഷംസീര്‍, അബ്‌ദുള്‍ റഷീദ് സഖാഫി, എന്‍.കെ.എം. ഷാഫി ഹാജി
തുടങ്ങിയവര്‍ സംബന്ധിച്ചു.







