Home » » വിദേശ സഹായത്തോടെ തീവ്രവാദം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: കാശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം- കാന്തപുരം

വിദേശ സഹായത്തോടെ തീവ്രവാദം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: കാശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം- കാന്തപുരം

Written By Unknown on Sunday, 2 November 2014 | 09:06


മംഗളൂരു: രാജ്യത്തിനു നന്മചെയ്യാനെന്ന വ്യാജേന വിദേശ സഹായത്തോടെ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവരെ തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്തണമെന്ന്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. മംഗളൂരുവില്‍ എസ്‌എസ്‌എഫ്‌ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി മാനവികതയെ മാനിക്കുക എന്ന സന്ദേശം ഉയര്‍ത്തി നടത്തിയ കര്‍ണാടക യാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

കാശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്‌. രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാന്‍ ജാതി-മത ഭേദമന്യേ നാം ഒറ്റക്കെട്ടാണ്‌. അതിന്‌ രാജ്യത്തിനും സമുദായത്തിനുമെല്ലാം നന്മ ചെയ്യാമെന്നവകാശപ്പെട്ട്‌ കടന്നു വരുന്ന വൈദേശിക ശക്‌തികളുടെ ആവശ്യമില്ല. ഏറ്റവും നല്ല ഭരണ ഘടനയും നിയമ ഘടനയും നമുക്കുണ്ട്‌. അത്‌ അനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ തന്നെ രാജ്യത്തു സമാധാനമുണ്ടാകും. രാജ്യത്തു വിധ്വംസക ശക്‌തികള്‍ കടന്നു വരുന്നുണ്ട്‌. ഇസ്ലാം അക്രമത്തിനു കൂട്ടു നില്‍ക്കുന്നില്ല. മത സൗഹാര്‍ദവും മതമൈത്രിയുമാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. അതിന്റെ വിശ്വാസികള്‍ തീവ്രവാദികളോ ഭീകരരോ ആകരുത്‌. 
 
കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ചില പോസ്‌റ്ററുകളും നോട്ടീസുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ചിലയിടത്തെങ്കിലും ന്യൂനപക്ഷ സമുദായത്തെ കുടുക്കാനുള്ള ആസൂത്രിത പദ്ധതികള്‍ ഉണ്ടാവാറുണ്ട്‌ എന്നതു മറക്കരുത്‌. കേരളത്തില്‍ പ്രത്യക്ഷപ്പെട്ട നോട്ടീസ്‌ ഇത്തരത്തില്‍ ന്യൂനപക്ഷങ്ങളെ കുടുക്കാന്‍ മറ്റാരുടെയെങ്കിലും സൃഷ്‌ടിയാണോ എന്നത്‌ പരിശോധിക്കണം. പിന്നില്‍ ആരായാലും നടപടിയെടുക്കണം.- കാന്തപുരം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.