Home » » ചുംബന സമരവേദിയില്‍ പ്രതിഷേധവും ലാത്തിച്ചാര്‍ജ്‌ജും ചുംബനവും.

ചുംബന സമരവേദിയില്‍ പ്രതിഷേധവും ലാത്തിച്ചാര്‍ജ്‌ജും ചുംബനവും.

Written By Unknown on Sunday, 2 November 2014 | 07:35

കൊച്ചി: മറൈന്‍ഡ്രൈവിലും ലോകോളേജ്‌ പരിസരത്തും ചുംബനക്കാരും പ്രതിഷേധക്കാരും കൂട്ടംകൂടിയതോടെ ക്രമസമാധാന പ്രശ്‌നം മുന്‍ നിര്‍ത്തി പോലീസ്‌ ഇടപെടുകയയായിരുന്നു. ചുംബനസമരക്കാരില്‍ ഒരു വിഭാഗത്തെ അറസ്‌റ്റ് ചെയ്‌ത പോലീസ്‌ പ്രതിഷേധക്കാര്‍ക്ക്‌ നേരെ ലാത്തി പ്രയോഗിച്ചു. ഇതിനിടയില്‍ മറ്റൊരു സംഘം ചുംബനം നടത്തി മടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.
 ലാകോളേജ്‌ പരിസരത്ത്‌ ഒന്നിച്ചു കൂടിയ സമരക്കാരെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു നീക്കിയത്‌. നാലു മണിയോടെ മറൈന്‍ഡ്രൈവും പരിസരപ്രദേശങ്ങളും ജനസമുദ്രമായി മാറി. സമരത്തിനെതിരേ പ്രതിഷേധവുമായി രംഗത്ത്‌ വന്നവരെയാണ്‌ പോലീസ്‌ ലാത്തിവീശി ഓടിച്ചത്‌. ടീയര്‍ഗ്യാസും കുരുമുളക് സ്പ്രേയും പ്ര​യോഗിച്ചു. പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ്‌ നടപടി നടക്കുന്നതിനിടയില്‍ ചുംബനസമരക്കാരിലെ മറ്റൊരു സംഘം മറൈന്‍ ഡ്രൈവില്‍ എത്തി ചുംബിച്ചു മടങ്ങി. ചുംബന സമരത്തിനെതിരേ ശക്‌തമായി പ്രതിഷേധിച്ച ശിവസേനയ്‌ക്കൊപ്പം സമസ്‌ത, എസ്‌ഡിപിഐ, കെഎസ്‌യു എന്നീ സംഘടനകളാണ്‌ മറൈന്‍ഡ്രൈവിലേക്ക്‌ പ്രകടനവുമായി എത്തിയത്‌.
 കാര്യങ്ങള്‍ നിയന്ത്രണാതീതമാണെന്ന്‌ വന്നതോടെ പോലീസ്‌ പ്രതിഷേധക്കാരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. സമരക്കാരെ മര്‍ദ്ദിക്കാന്‍ വടിയുമായിട്ടായിരുന്നു ശിവസേന പ്രവര്‍ത്തകര്‍ എത്തിയത്. ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. സമരത്തെ അനുകൂലിച്ച്‌ ബൈക്കിലെത്തിയ സംഘത്തെ നേരത്തേ പ്രതിഷേധക്കാര്‍ കയ്യേറ്റം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്‌. പ്രതിഷേധങ്ങളും വലിയ അക്രമങ്ങളും അരങ്ങേറുമെന്ന മുന്നറിയിപ്പ്‌ കിട്ടിയിരുന്ന സാഹചര്യത്തില്‍ പോലീസ്‌ ശക്‌തമായ സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു. സമാധാന സാഹചര്യം മുന്‍നിര്‍ത്തി ചുംബനസമരക്കാരുമായി പോലീസ്‌ ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു. രണ്ടു കൂട്ടര്‍ക്കും പുറമേ എന്താണ്‌ നടക്കുന്നതെന്ന്‌ അറിയാനും അനേകം നാട്ടുകാരും മറൈന്‍ ഡ്രൈവില്‍ എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. സമരക്കാരും പ്രതിഷേധക്കാരും നാട്ടുകാരും വന്നതോടെ ഗതാഗതം പൂര്‍ണ്ണമായി സ്‌തംഭിച്ചു.
 സമരക്കാരില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്‌റ്റിലായി. യുവമോര്‍ച്ച നേരത്തേ പരിപാടി തടയില്ലെന്ന്‌ പറഞ്ഞിരുന്നെങ്കിലും ശിവസേന, എസ്‌ഡിപിഐ പോലെയുള്ള സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത്‌ വരികയായിരുന്നു. സമാധാന പരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഒരു സംഘം എതിര്‍ത്ത്‌ തോല്‍പ്പിച്ചെന്ന്‌ കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. കേരളത്തിന്റെ പൈതൃകത്തിനും പാരമ്പര്യത്തിനും എതിരായ നടപടിയെന്നായിരുന്നു പ്രതിഷേധക്കാരുടെ പക്ഷം. മറൈന്‍ഡ്രൈവും പരിസരപ്രദേശങ്ങളും പിന്നീട്‌ പോലീസ്‌ നിയന്ത്രണത്തിനായി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.