തിരുവനന്തപുരം: സി.പി.എം. ബാര്‍ കോഴവിഷയം കൈകാര്യം ചെയ്‌ത രീതിയോടു പ്രതിഷേധമുണ്ടെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. വിവാദം പുറത്തുവന്നയുടന്‍ എല്‍.ഡി.എഫ്. യോഗം വിളിച്ചുചേര്‍ത്തു കാര്യങ്ങള്‍ ചര്‍ച്ചചെയ്യാത്തതില്‍ സി.പി.ഐക്കുള്ള നീരസം പന്ന്യന്‍ പത്രസമ്മേളനത്തില്‍ പ്രകടിപ്പിച്ചു. മുന്നണിയോഗം വിളിച്ചുചേര്‍ത്ത് ഒന്നിച്ചു പ്രതികരിക്കുമെന്നാണു പ്രതീക്ഷിച്ചത്. വിവാദം പുറത്തുവന്നയുടന്‍ എല്‍.ഡി.എഫ്. യോഗം വിളിക്കാന്‍ കണ്‍വീനറോട് ആവശ്യപ്പെട്ടിരുന്നു. ഇരുകക്ഷികളും ഇപ്പോള്‍ വെവ്വേറെ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്ത് എകാഭിപ്രായം സ്വരൂപിക്കുന്നതില്‍ വീഴ്‌ചപറ്റി. എസ്.ജെ.ഡിയും ആര്‍.എസ്.പിയും ഇടതുമുന്നണിയിലേക്കു തിരികെവരണമെന്നതാണു സി.പി.ഐയുടെ അഭിപ്രായമെന്നു പറഞ്ഞ പന്ന്യന്‍, ഇക്കാര്യത്തില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാടു തള്ളി. മന്ത്രി കെ.എം. മാണി രാജിവയ്‌ക്കണമെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ലെന്നും കോഴവിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതാണു സി.പി.ഐയുടെ അഭിപ്രായമെന്നും പന്ന്യന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം അപ്രസക്‌തമാണെന്ന പിണറായിയുടെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രം വീക്ഷണമാണ്. സര്‍ക്കാരിനെതിരായ ഇടതുമുന്നണിയുടെ സമരങ്ങള്‍ പരാജയപ്പെടുന്നതിനെക്കുറിച്ചു പരിശോധന വേണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.







